കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മണര്‍കാട് സംഘര്‍ഷം. ഡിവൈഎഫ്ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഇരു ഭാഗത്തെയും പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് ഡിവൈഎഫ്ഐയും ആരോപിച്ചു. അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്.
ഇരു വിഭാഗത്തെയും പിരിച്ചുവിടാനുളള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ ചരിത്രം തിരുത്തി കുറിച്ചു. 36,454 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ ജയിച്ചത്. 50 വര്‍ഷം മണ്ഡലം കൂടെ കൊണ്ടുനടന്ന ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തിരുത്തി എന്ന പ്രത്യേകതയുമുണ്ട്. 2011 തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുജ സൂസന്‍ ജോര്‍ജിനെതിരെ ഉമ്മന്‍ ചാണ്ടിനേടിയ 33,255 വോട്ടുകളുടെ ഭൂരിപക്ഷമാണ് മകന്‍ തിരുത്തി കുറിച്ചത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മന്റെ കുതിപ്പാണ് കണ്ടത്. ആദ്യ റൗണ്ടില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. പഞ്ചായത്തിലെ ഒന്നുമുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ 2816ന്റെ ലീഡാണ് ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയത്. ആദ്യ രണ്ടു റൗണ്ടുകളിലായി അയര്‍ക്കുന്നം പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണിയപ്പോള്‍ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ കാഴ്ചവെച്ചത്. 2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്താണ് ഇത്തവണ നാലിരട്ടി വോട്ടുകള്‍ ചാണ്ടി ഉമ്മന് ലഭിച്ചത്. കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കാലിടറി. ഇവിടെയും ചാണ്ടി ഉമ്മന്‍ ജൈത്രയാത്ര നടത്തുന്നതാണ് കണ്ടത്. ഇതിന് പുറമേ അകലക്കുന്നം, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, മീനടം പ്രദേശങ്ങളിലെ ഭൂരിപക്ഷം വോട്ടുകളും ചാണ്ടി ഉമ്മന്റെ പെട്ടിയില്‍ വീണു.