Latest News From Kannur

കൃത്യം, സൂക്ഷ്മം; ആദിത്യ ഭ്രമണപഥത്തില്‍, ഇനി 125 ദിവസത്തെ സൂര്യ യാത്ര

0

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ വണ്‍ പേടകം വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയില്‍നിന്നു വിജയകരമായി വേര്‍പെടുത്തിയതായി ഐഎസ്ആര്‍ഒ. ആദിത്യയുടെ സൂര്യനെ ലക്ഷ്യമാക്കിയുള്ള 125 ദിവസം നീളുന്ന യാത്രയ്ക്കു തുടക്കമായതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.

പേടകത്തെ നിര്‍ദിഷ്ട ഭ്രമണ പഥത്തില്‍ എത്തിക്കാനായി. വളരെ കൃത്യതയോടെ തന്നെ പിഎസ്എല്‍വി ഇതു നിര്‍വഹിച്ചു. ഇനി സൂര്യനു നേര്‍ക്കുള്ള സഞ്ചാരമാണ്. ആദിത്യയുടെ 125 ദിവസത്തെ യാത്രയ്ക്കു തുടക്കമായി – ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. യാതൊരു തടസ്സവുമില്ലാതെയാണ് പിഎസ്എല്‍വി ആദിത്യയെ ഭ്രമണപഥത്തില്‍ എത്തിച്ചതെന്ന് പ്രൊജക്ട് ഡയറക്ടര്‍ നിഗര്‍ ഷാജി പറഞ്ഞു.

സൂര്യശോഭയുള്ള നിമിഷമാണ് ഇതെന്ന് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട്, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. രാജ്യത്തിന്റെ ബാഹ്യാകാശ ഗവേഷണത്തിനു നല്‍കുന്ന പിന്തുണയില്‍ പ്രധാനമന്ത്രി നേരന്ദ്ര മോദിക്കു ജിതേന്ദ്ര സിങ് നന്ദി പറഞ്ഞു. സൂര്യന് പരമാവധി സമീപം എത്താവുന്ന പോയിന്റായ ലെഗ്രാഞ്ചേ പോയിന്റ് ലക്ഷ്യമാക്കിയാണ് ആദിത്യയുടെ യാത്ര. ഇവിടെ ഹാലോ ഭ്രമണപഥത്തില്‍നിന്ന് ആദിത്യ സൂര്യനെ ചുറ്റും. സൂര്യനെ ബാഹ്യാകാശത്തുനിന്നു പഠിക്കുന്ന ആദ്യ നിരീക്ഷണ കേന്ദ്രമാവും ആദിത്യയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Leave A Reply

Your email address will not be published.