സഖ്യകക്ഷികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെ നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാര്‍ നിലംപതിച്ചു. പ്രതിസന്ധി പരിഹരിക്കാനായി പ്രധാനമന്ത്രി മാര്‍ക്‌സ് റുട്ടെ സഖ്യകക്ഷികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലംപതിച്ചത്. അഭയാര്‍ത്ഥി നയവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങളാണ് ഏറ്റവും കൂടുതല്‍ കാലം ഡച്ച് പ്രധാനമന്ത്രി സ്ഥാനത്തിരുന്ന റുട്ടെയുടെ പതനത്തിന് വഴിതെളിച്ചത്. യൂറോപ്പിലെ ഏറ്റവും പരിചയ സമ്പന്നരായ രാഷ്ട്രീയക്കാരില്‍ ഒരാള്‍ എന്നാണ് റുട്ടെ അറിയപ്പെട്ടിരുന്നത്. അഭയാര്‍ത്ഥി കുടുംബങ്ങളെ തമ്മില്‍ ഒന്നിപ്പിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയതാണ് റുട്ടെയ്ക്ക് തിരിച്ചടിയായത്.
യുദ്ധ മേഖലകളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് കുടുംബങ്ങളെ നെതര്‍ലാന്‍ഡിലേക്ക് കൊണ്ടുവരാന്‍ പ്രതിമാസം 200 പേര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന് റുട്ടെ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഡി66, ക്രിസ്ത്യന്‍ യൂണിയന്‍ എന്നീ ഭരണകക്ഷികള്‍ രംഗത്തെത്തി. എന്നാല്‍ പ്രധാനമന്ത്രിയുടെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്റ് ഡെമോക്രസി അഭയാര്‍ത്ഥി നിയമത്തില്‍ മാറ്റം വേണമെന്ന നിലപാട് കടുപ്പിച്ചു. ഇതോടെ സഖ്യകക്ഷികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു.
നവംബറില്‍ പൊതു തെരഞ്ഞെടുപ്പ് നടാക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലംപതിച്ചത്. നവംബര്‍ വരെ കാവല്‍ പ്രധാമന്ത്രിയായി തുടരുമെന്ന് റുട്ടെ അറിയിച്ചു.