Latest News From Kannur

രാവിലെ 6.40ന് കര്‍ഷകര്‍ക്കൊപ്പം പാടത്ത് ഇറങ്ങി ഞാറ് നട്ട് രാഹുല്‍.

0

ചണ്ഡിഗഡ് : ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ മദീന ഗ്രാമത്തില്‍ കര്‍ഷകര്‍ക്കൊപ്പം ഞാറ് നട്ട് ട്രാക്ടര്‍ ഓടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുമായി ഏറെ സമയം ചെലവഴിച്ച രാഹുല്‍ അവര്‍ കൊണ്ടുവന്ന ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഹിമാചലിലേക്കുള്ള യാത്രയ്ക്കിടെ രാവിലെ 6.40 ന് വഴിയില്‍ നെല്‍പാടത്ത് കൃഷിയിറക്കുന്ന കര്‍ഷകരെ കണ്ടതോടെ വാഹനം നിര്‍ത്തി രാഹുല്‍ കര്‍ഷകര്‍ക്കൊപ്പം ചേരുകയായിരുന്നു. ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നിട്ടും അതൊന്നും വകവെക്കാതെ രാഹുല്‍ കര്‍ഷകര്‍ക്കൊപ്പം രണ്ടരമണിക്കൂര്‍ സമയം ചെലവഴിച്ചു. പാന്റ് മടക്കി കൃഷിയിടത്തില്‍ ഇറങ്ങുകയും കര്‍ഷകര്‍ക്കൊപ്പം ഞാറു നടുകയും അവരുടെ പ്രശ്‌നങ്ങള്‍ കേട്ടുമനസിലാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് തങ്ങള്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജഗ്ബീര്‍ സിങ് മാലിക് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആശങ്കകളും പ്രശ്നങ്ങളും നേരിട്ട് അറിയാന്‍ മുന്‍ കൂട്ടി പദ്ധതി തയ്യാറാക്കാതെ അദ്ദേഹം സന്ദര്‍ശിക്കുന്നത് തങ്ങള്‍ നേരത്തെയും കണ്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.രാഹുലിന്റെ ഇത്തരത്തിലുള്ള അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബസില്‍ യാത്ര ചെയ്തതും, ലോറി ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ലോറിയില്‍ സഞ്ചരിച്ചതും, ഡല്‍ഹിയിലെ കരോള്‍ബാഗിലെ മെക്കാനിക് കടയില്‍ ചെന്ന് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ്, അവര്‍ക്കൊപ്പം വാഹനങ്ങള്‍ റിപ്പയര്‍ ചെയ്തതുമായ ചിത്രങ്ങള്‍ വലിയ പ്രചാരം നേടിയിരുന്നു.

Leave A Reply

Your email address will not be published.