കോഴിക്കോട്: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത. വിഷയത്തില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന സെമിനാറിലും പങ്കെുടക്കുമെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന സമസ്ത പ്രത്യേക കണ്‍വെന്‍ഷന്റെതാണ് തീരുമാനം. സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങി ഏത് രാഷ്ട്രീയ പാര്‍ട്ടികളും ഏകസിവില്‍ കോഡ് വിഷയത്തിനെതിരെ സെമിനാര്‍ സംഘടിപ്പിച്ചാലും അതുമായി സഹകരിക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. പൗരത്വബില്‍ വിഷയത്തില്‍ എന്തുനിലപാട് സ്വീകരിച്ചുവോ അതിനെതിരായി ആരോട് ഒക്കെ സഹകരിച്ചുവോ അതേസഹകരണം തുടരുമെന്നാണ് സംഘടനയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരെ രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം നടത്തണം. ഏക സിവില്‍ കോഡ് ഒരു മതത്തിനും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടി മുസ്ലീം സമുദായത്തെ മാത്രം ഉന്നം വയ്ക്കുന്നതായി സംശയിക്കുന്നു. മതം അനുശാസിക്കുന്ന ആചാരത്തിനും നിയമത്തിനും സ്വാതന്ത്ര്യം വേണം. ഏക സിവില്‍ കോഡില്‍ ആശങ്കയറിച്ച് പ്രധാനമന്ത്രിയെ നേരിട്ടുകാണുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോട് യോജിക്കാനാകില്ലെന്ന് അറിയിച്ച അദ്ദേഹം സമസ്തയുടെ നേതൃത്വത്തില്‍ എല്ലാവരെയും യോജിപ്പിച്ചുള്ള സമരത്തിനാണ് ആഹ്വനം ചെയ്യുന്നത്. മുസ്ലീം ലീഗിനെ സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചത് രാഷ്ട്രീയവിവാദമായ പശ്ചാത്തലത്തിലാണ് സെമിനാറില്‍ പങ്കെുടക്കുമെന്ന സമസ്തയുടെ തീരുമാനം.