ഹൈദരാബാദ്: മധ്യ മേഖലക്കെതിരായ പോരാട്ടം മഴയെ തുടര്‍ന്നു തടസപ്പെട്ടതോടെ പശ്ചിമ മേഖല ദുലീപ് ട്രോഫി പോരാട്ടത്തിന്റെ ഫൈനലിലേക്ക്. സെമിയില്‍ കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് മധ്യ മേഖല ബാറ്റ് ചെയ്യുന്നതിനിടെയാണ് മഴ കളി മുടക്കിയത്. ഇതോടെ കളി നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ആദ്യ ഇന്നിങ്‌സിലെ ലീഡിന്റെ ബലത്തില്‍ പശ്ചിമ മേഖല ഫൈനലുറപ്പിക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്‌സില്‍ പശ്ചിമ മേഖല 220 റണ്‍സില്‍ പുറത്തായപ്പോള്‍ മധ്യ മേഖലയുടെ പോരാട്ടം വെറും 128 റണ്‍സില്‍ അവസാനിപ്പിച്ചു അവര്‍ 92 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ പശ്ചിമ മേഖല 297 റണ്‍സെന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി മധ്യ മേഖലയ്ക്ക് മുന്നില്‍ 389 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം വച്ചു. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയില്‍ മധ്യ മേഖല പൊരുതുന്നതിനിടെയാണ് മഴ കളിച്ചത്. പശ്ചിമ മേഖലയ്ക്കായി വെറ്ററന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി. 133 റണ്‍സാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നു ഒഴിവാക്കിയതിനു പിന്നാലെ പൂജാര അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ മറ്റൊരു ഇന്ത്യന്‍ താരം സൂര്യ കുമാര്‍ യാദവും തിളങ്ങി. താരം അര്‍ധ സെഞ്ച്വറി നേടി. 52 റണ്‍സാണ് സൂര്യ കുമാര്‍ നേടിയത്.