പാനൂർ : പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ ദത്തെടുത്ത് മലബാർ ക്യാൻസർ സെൻ്റർ. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ആതുരാലയം പഞ്ചായത്തിനെ ദത്തെടുക്കുന്നത്. ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിലൂടെ നടപ്പാക്കുന്നത്.
ആരോഗ്യ ബോധവത്ക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി, സമ്പൂർണ ആരോഗ്യ സാക്ഷരതയ്ക്കായാണ് മലബാർ ക്യാൻസർ സെൻ്റർ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ ദത്തെടുക്കുന്നത്.ചടങ്ങിൻ്റെ ഉദ്ഘാടനവും, എം.ഒ.യു ഒപ്പിടലും എം സി സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം നിർവഹിച്ചു. കെ.പി രമ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം വി ബീന, ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ഷാജി എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ.എ.അതുല്യ നന്ദിയും പറഞ്ഞു. പുകയിലയും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഡോ. ഫിൻസ് എം ഫിലിപ്പും, കൗമാരക്കാരിലെ വിളർച്ച എന്ന വിഷയത്തിൽ ഡോ.അഞ്ജുവും, ശാസ്ത്ര സാങ്കേതിക മുന്നേറ്റം ആരോഗ്യ മേഖലയിൽ എന്ന വിഷയത്തിൽ ഡോ. കെ.വി ശശിധരനും ക്ലാസെടുത്തു.