പാനൂർ : പാനൂർ നഗരസഭയിലെ പുല്ലൂക്കര വണ്ണാത്തിത്തോടിൽ കറുത്ത വെള്ളം കെട്ടിക്കിടക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്നു . കഴിഞ്ഞ രണ്ടാഴ്ചക്ക് മുമ്പാണ് ഈ പ്രശനം തുടങ്ങിയത് .പാനൂർ നഗരസഭ അധികൃതർ ഇവിടം സന്ദർശിക്കുന്നതല്ലാതെ ഒരു പരിഹാര നടപടിയുമെടുക്കുന്നില്ല എന്നാരോപിച്ച് നാട്ടുകാർ പെരിങ്ങത്തൂർ മുക്കിൽ പീടിക റോഡ് ഉപരോധിച്ചു.
എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ടവരും വീട്ടമ്മമാരും പങ്കാളികളായി. പിന്നീട് ചൊക്ലി പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. നേതൃത്വം നൽകിയവരെ സ്റ്റേഷനിലേക്ക് എത്തിച്ചു.
വണ്ണാത്തി ത്തോട്ടിൽ നിന്നും മയ്യഴിപ്പുഴയിലേക്കുള്ള നീരൊഴുക്ക് നിലച്ചിരിക്കയാണ്. കെട്ടിക്കിടക്കുന്ന വെള്ളം മാലിന്യം നിറഞ്ഞ് കറുത്തിരുണ്ട നിലയിലാണ്. വണ്ണാത്തി ത്തോടിന് സമീപം ഏതാണ്ട് ഒരു കി.മീ പ്രദേശത്തെ ജനങ്ങൾ ഇതിനാൽ ഏറെ പ്രയാസങ്ങൾ സഹിക്കുകയാണ്. കുടിവെള്ളം മലിനമാകുന്നതിന് ഇത് കാരണമാകും. ദേശവാസികളുടെ ആരോഗ്യത്തേയും ഇത് ദോഷകരമായി ബാധിച്ചേക്കും.