തെരുവുനായകളുടെ അക്രമത്തിൽ ചമ്പാട്ടെ അഞ്ചാം ക്ലാസുകാരന് കടിയേറ്റ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ ; പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറിയോട് ഹാജരാകാൻ ഉത്തരവ്
പാനൂർ : തെരുവു നായ്ക്കളുടെ ആക്രമണത്തിൽ കൈക്കും കാലിനും സാരമായി പരിക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റഫാൻ റഹീസിന്റെ മാതാവ് എൻ.പി.ഷാമില മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ചാണ് മനുഷ്യാവകാശ കമ്മീഷൻ ജുഡീ അംഗം കെ. ബൈജുനാഥിന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറിയോട് ഹാജരാകാൻ ഉത്തരവിട്ടു. കുട്ടിയുടെ മാതാവായ ഷാമിലയുടെ പരാതി സ്വീകരിക്കുകയും തെരുവുനായ കൾക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മനുഷ്യവകാശ കമ്മീഷൻ അറിയിച്ചു. അടുത്ത സിറ്റിംഗിൽ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ചമ്പാട് വെസ്റ്റ് യു.പി.സ്ക്കൂൾ അഞ്ചാം തരം വിദ്യാർത്ഥിയായ മുഹമ്മദ് റഫാൻ
റഹീസിനെ ഇക്കഴിഞ്ഞ ജൂൺ 8ന് സ്ക്കൂൾ വിട്ടു വരുമ്പോൾ വഴിയിൽ വെച്ചാണ് തെരുവു നായ്ക്കൾ ആക്രമിച്ചത്. കൈക്കും, കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.
മനുഷ്യാവകാശ പ്രവർത്തകൻ ഒ.കെ.മുഹമ്മദ് അലിക്കൊപ്പമാണ് ഷാമില മനു ഷ്യാവകാശ കമ്മീഷന് മു ന്നിൽ ഹാജരായത്. ചികിത്സയിൽ കഴിയുന്ന കുട്ടിയെ പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി ശശിധരൻ, രമേശ് കണ്ടോത്ത്, ബിഡിഒ ടി.വി സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ നിഖിൽ എന്നിവർ സന്ദർശിച്ചു.