മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ്: ശിവസേനയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; വൈകീട്ട് അഞ്ചിന് വാദം
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭയില്‍ നാളെ വിശ്വാസ വോട്ട് നേടണമെന്നുള്ള ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ ശിവസേന നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വൈകീട്ട് അഞ്ചിന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഗവര്‍ണറുടെ നിര്‍ദേശം ചോദ്യം ചെയ്ത് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് തടയണമെന്ന് ശിവസേന ആവശ്യപ്പെടുന്നു. അതേസമയം എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
രാവിലെ സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്‌വിയാണ് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നാളെ സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നിര്‍ദേശം നല്‍കിയ കാര്യം ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തില്‍ കോടതി അടിയന്തരമായി വാദം കേള്‍ക്കണമെന്നും സിങ്‌വി ആവശ്യപ്പെട്ടു.
ശിവസേനയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, കേസുമായി ബന്ധപ്പെട്ട രേഖകള്‍ വൈകീട്ട് മൂന്നുമണിയ്ക്കകം ബന്ധപ്പെട്ട കക്ഷികള്‍ക്ക് ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. നേരത്തെ 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ ജൂലൈ 11 വരെ നടപടി പാടില്ലെന്ന് വ്യക്തമാക്കി കേസ് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്.
ജൂലൈ പതിനൊന്നു വരെ വിമത എംഎല്‍എമാര്‍ക്ക് അയോഗ്യരാക്കാനുള്ള നോട്ടീസിന് മറുപടി നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിമത എംഎല്‍എമാരുടെ കുടുംബത്തിനും സ്വത്തിനും സുരക്ഷ ഒരുക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.