Latest News From Kannur

‘സമൂഹത്തില്‍ ഐക്യം ഊട്ടിയുറപ്പിക്കാം’; പട്ടേലിന്റെ ജന്മദിനത്തില്‍ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി

0

അഹമ്മദാബാദ്: രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകതാനഗറില്‍ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേലിന്റെ പ്രതിമയില്‍ ആദരവ് അര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി അദ്ദേഹം എകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31ന് രാജ്യം ദേശീയ ഏകതാദിനമായി ആഘോഷിക്കുന്നു.

ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 മാര്‍ച്ചിങ് സംഘങ്ങള്‍, വിവിധ സേനകള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, മാര്‍ച്ചിങ് ബാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഏകതാ ദിവസ് പരേഡ് നരേന്ദ്ര മോദി നിരീക്ഷിച്ചു. ബിഎസ്എഫ്, സിആര്‍പിഎഫ് പുരുഷ-വനിതാ ബൈക്കര്‍മാരുടെ ഡെയര്‍ഡെവിള്‍ ഷോ, ബിഎസ്എഫിന്റെ ഇന്ത്യന്‍ ആയോധന കലകളുടെ പ്രദര്‍ശനം, സ്‌കൂള്‍ കുട്ടികളുടെ ബാന്‍ഡ് പ്രകടനം, ഇന്ത്യന്‍ വ്യോമസേനയുടെ ‘സൂര്യ കിരണ്‍’ ഫ്‌ലൈപാസ്റ്റ് എന്നിവയും ചടങ്ങിന്റെ ഭാഗമായി.

‘സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍, ഞാന്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുന്നു.രാഷ്ട്രത്തിന്റെ ഐക്യവും പരമാധികാരവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ പരമമായ മുന്‍ഗണനകള്‍. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രവൃത്തികളും നമ്മുടെ രാജ്യത്തെ ഓരോ തലമുറയെയും പ്രചോദിപ്പിക്കുന്നതാണ്’ മോദി എക്‌സില്‍ കുറിച്ചു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഗുജറാത്തില്‍ എത്തിയത്. ബുധനാഴ്ച സംസ്ഥാനത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും, ശിലാസ്ഥാപന കര്‍മവും മോദി നിര്‍വഹിച്ചു.

Leave A Reply

Your email address will not be published.