Latest News From Kannur

വീണയ്‌ക്കെതിരെ പറഞ്ഞതില്‍ ഉറച്ചുതന്നെ; കേസെടുക്കാന്‍ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ വീണാ വിജയന്റെ എക്‌സാലോജിക് എന്ന കമ്പനിയുടെ മെന്റര്‍ ആണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020 മേയ് 20 വരെ ഉണ്ടായിരുന്ന ഈ വിവരം വെബ്‌സൈറ്റില്‍ നിന്നും പിന്നീട് അപ്രത്യക്ഷമായിയെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

സുപ്രധാന വിവരങ്ങള്‍ പല സമയത്തായി വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. 107 തവണയാണ് വെബ്‌സൈറ്റില്‍ മാറ്റം വരുത്തിയതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വെബ്‌സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ജെയ്ക് മെന്ററാണെന്ന് വീണ പറഞ്ഞിട്ടില്ല എന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് കുഴല്‍നാടന്‍ ചോദിച്ചു. വെബ്‌സൈറ്റിലെ വിവരങ്ങള്‍ മാറ്റിയതെന്തിനെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

വെബ്‌സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കില്‍ കേസുകൊടുക്കാന്‍ ധൈര്യമുണ്ടോയെന്നും മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. പറഞ്ഞത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ ഐടി കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണ് താന്‍ പറഞ്ഞത്. വീണ വിജയന്‍ എംഡിയായ കമ്പനിയില്‍ ജെയ്ക് ബാലകുമാര്‍ മെന്റര്‍ ആണെന്ന് വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിരുന്നു. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കണം.

എന്തുകൊണ്ടാണ് ആരോപണം ഉയര്‍ന്നപ്പോള്‍ വെബ്‌സൈറ്റില്‍ നിന്നും ജെയ്കിന്റെ പേര് മാറ്റിയത്?. 2020 മെയ് 20 വൈകീട്ട് അഞ്ചുമണിക്ക് വെബ്‌സൈറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുറത്തു വിട്ട ചിത്രങ്ങള്‍ നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് എടുക്കാന്‍ തയ്യാറുണ്ടോ. സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ് എന്നത് നിഷേധിക്കുമോ?. പിഡബ്ല്യുസി ഡയറക്ടറെക്കുറിച്ച് വീണ പറഞ്ഞത് നിഷേധിക്കുമോ?. സ്വപ്നയെ നിയമിച്ച പിഡബ്ല്യുസിയുടെ ഇടപെടല്‍ ദുരൂഹമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നയതന്ത്ര സംവിധാനത്തിലൂടെ ഏതെങ്കിലും ബാഗ് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ഇന്നലെ  മാത്യു കുഴല്‍നാടന്‍ ജെയ്ക് ബാലകുമാറിന് വീണയുടെ കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. ആരോപണം ശുദ്ധ അസംബന്ധമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തന്റെ മകള്‍ വീണ പിഡബ്ലിയുസി ഡയറക്ടര്‍ മെന്ററാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ കിടുങ്ങിപ്പോകുമെന്നാണോ ധരിച്ചത്?. വെറുതെ വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കരുത്. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്‌കാരമെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

Leave A Reply

Your email address will not be published.