Latest News From Kannur

വൈദ്യുതി ചാര്‍ജ് കൂടും: നിരക്ക് വര്‍ധന നാളെ പ്രഖ്യാപിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് പ്രഖ്യാപിക്കും. നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഈ സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാര്‍ശ. ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.

വരവും ചെലവും കണക്കാക്കിയുള്ള വര്‍ധന ആണ് കെ.എസ്.ഇ.ബിആവശ്യപ്പെട്ടത്. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. നിലവിലെ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ആവശ്യത്തില്‍ വലിയ ഭേദഗതികള്‍ ഇല്ലാതെ നിരക്ക് വര്‍ധനവ് ഉണ്ടായേക്കും. 2019 ജൂലൈ 19-ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇത് പരിഷ്‌കരിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

അതേസമയം, ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2,117 കോടി രൂപയാണ്. ഇതില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയും.

Leave A Reply

Your email address will not be published.