Latest News From Kannur

കവിയൂർ രാജഗോപാലന്‌ ആദരം നാളെ- ദീപ്‌തയാനം കോടിയേരി ഉദ്‌ഘാടനം ചെയ്യും

0

തലശേരി : കവിയും ചരിത്രകാരനും ഗ്രന്ഥശാല പ്രവർത്തകനുമായ കവിയൂർ രാജഗോപാലനെ ജന്മനാടും സുഹൃദ്‌ സംഘവും ചേർന്ന്‌ 11ന്‌ ആദരിക്കും. ‘ദീപ്‌തയാനം’ ആദരസമർപ്പണം ശനിയാഴ്‌ച രാവിലെ 9.30ന്‌ ‘മലബാറും സ്വാതന്ത്ര്യസമരവും’ എന്ന ചരിത്ര സെമിനാറോടെ ആരംഭിക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ന്യൂമാഹി മലയാള കലാഗ്രാമത്തിൽ ദേശാഭിമാനി വാരിക പത്രാധിപർ ഡോ.കെ.പി. മോഹനൻ ചരിത്രസെമിനാർ ഉദ്‌ഘാടനംചെയ്യും. കോഴിക്കോട്‌ കേളുവേട്ടൻ സ്മാരക പഠനഗവേഷണ കേന്ദ്രം ഡയരക്‌ടർ കെ ടി കുഞ്ഞിക്കണ്ണൻ വിഷയം അവതരിപ്പിക്കും. പകൽ 2.30ന്‌ കവിസമ്മേളനവുമുണ്ടാവും. വൈകിട്ട്‌ നാലിന്‌ ആദരസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. അഡ്വ എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനാവും. കവിയൂർ രചിച്ച ‘മെയ്‌മാസപ്പൂക്കൾ’ കവിതസമാഹാരം നോവലിസ്‌റ്റ്‌ എം. മുകുന്ദൻ പ്രകാശിപ്പിക്കും. ഡോ. എ. പി.ശ്രീധരൻ ആദ്യപ്രതി ഏറ്റുവാങ്ങും. പ്രൊഫ എം എം നാരായണൻ മുഖ്യപ്രഭാഷണം നടത്തും. 6 മണിക്ക് സുധി പാനൂർ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം – വെളിച്ചെണ്ണ. പുരോഗമനകലാസാഹിത്യസംഘം, ലൈബ്രറി കൗൺസിൽ, മലയാള കലാഗ്രാമം, മാഹി സ്‌പോട്‌സ്‌ ക്ലബ്‌ ലൈബ്രറി ആന്റ്‌ കലാസമിതി, റെഡ്‌സ്‌റ്റാർ ആട്‌സ്‌ ആന്റ്‌ ലൈബ്രറി, സാർക്ക്‌ കവിയൂർ, മൊയാരം സ്‌മാരക കലാകേന്ദ്രം, ഊരാച്ചേരി സ്‌മാരക വായനശാലയുമാണ്‌ സംഘാടകർ. ബ്രണ്ണൻ കോളേജിൽ കെഎസ്‌എഫിന്റെ പ്രധാന പ്രവർത്തകനായിരുന്ന കവിയൂർ രാജഗോപാലൻ കെഎസ്‌വൈഎഫ്‌ തലശേരി മണ്ഡലം പ്രസിഡന്റ്‌, പുരോഗമനകലാസാഹിത്യസംഘം ജില്ല വൈസ്‌പ്രസിഡന്റ്‌, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌, കണ്ണൂർ സർവകലാശാല സെനറ്റ്‌ അംഗം, ഫോക്‌ലോർ അക്കാഡമി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂരിൽ നിന്നുള്ള ‘ദേശമിത്ര’ത്തിൽ 1965 മുതൽ കവിത എഴുതിതുടങ്ങി. മൊയാരത്ത്‌ ശങ്കരൻ, പാട്യം ഗോപാലൻ എന്നിവരുടെ ജീവചരിത്രങ്ങൾ, ചരിത്രകാരന്റെ അടുക്കള, സ്വാതന്ത്ര്യത്തിന്റെ ആകാശം, ഇന്ത്യൻ സ്വാതന്ത്ര്യസമരം: വിവാദങ്ങളും വസ്‌തുതയും, മരണപത്രമെഴുതുന്നതിന്‌ മുൻപ്‌ (കവിത സമാഹാരം) ചൊക്ലിയുടെ ഇന്നലെകൾ (എഡിറ്റർ) എന്നിവയാണ്‌ പ്രധാന കൃതികൾ. വാർത്താസമ്മേളനത്തിൽ കെ പി സുനിൽകുമാർ, ഒ അജിത്‌കുമാർ, എ ഹരിശ്‌ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.