പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി ദേശീയവക്താവ് നൂപുര്‍ ശര്‍മയുടെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി ദേശീയവക്താവ് നൂപുര്‍ ശര്‍മയുടെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ‘നാണംകെട്ട മതഭ്രാന്ത്’ ജനങ്ങളെ ഒറ്റപ്പെടുത്തുക മാത്രമല്ല ആഗോളതലത്തില്‍ ഇന്ത്യയുടെ നിലയ്ക്ക് കോട്ടംവരുത്തുകയും ചെയ്തുവെന്ന് രാഹുല്‍ തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ ദുര്‍ബലമായിരിക്കുന്നു. ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ നിലപാടുകള്‍ക്ക് ആഗോള രംഗത്ത് കോട്ടമുണ്ടാക്കുകയും ചെയ്തിരിക്കുന്നു’, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ബി.ജെ.പി വക്താവിന്റെ പരാമര്‍ശത്തില്‍ കുവൈത്തും ഖത്തറും ഇറാനും സൗദിയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിക്കുകയും ചെയ്തു.