ഓർമ്മ വെച്ച നാൾ മുതൽ കുട്ടിച്ചാത്തനായും (ശാസ്തപ്പൻ) ഗുളികനായും വസൂരിമാല തമ്പുരാട്ടി (ഭഗവതി)യായും കണ്ടാറ്മ്പനാ ( ഘണ്ടാകർണ്ണൻ ) യും കൂലോത്തും മാങ്ങോട്ടും കാവിലും ചാലിലും പൂവുള്ളതിലും എല്ലാം ചാത്തൂട്ടിയേട്ടനെ കണ്ടിട്ടുണ്ട്..!
വയലിൽ മൂർച്ച (കൊയ്ത്ത് ) കഴിഞ്ഞാൽ കറ്റകൾ കൂട്ടിയിട്ട വീട്ടുമുറ്റത്ത് കോതാമൂരിയാട്ടവുമായി ‘ഗോദാവരി പശു വേ വാ……’ എന്ന് നീട്ടി വിളിച്ച് പ്രത്യേക താളത്തിൽ ചെണ്ടകൊട്ടുന്ന ,നൂറിലധികം നെൽവിത്തുകളുടെ പേർ ചൊല്ലി വിളിച്ച് പാടുന്ന കോതാമൂരിപ്പാട്ടിലൂടെ ചാത്തൂട്ടിയേട്ടനെ കണ്ടിട്ടുണ്ട്…! (അതെന്നേ അന്യം നിന്നു !)
കള്ള കർക്കിടകത്തിൽ വേടൻ പാട്ടുമായി വീട്ടുപടിക്കലെത്തി തുരിശ് തിരിയുഴിഞ്ഞ് വടക്ക് മറിച്ചേക്ക് എന്നു പറഞ്ഞിരുന്ന ചാത്തൂട്ടിയേട്ടനെ കണ്ടിട്ടുണ്ട്….!
തെയ്യക്കാലമായാൽ കുടുംബസമേതം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അണിയലവുമായി പോകുന്ന ചാത്തൂട്ടിയേട്ടനെ കണ്ടിട്ടുണ്ട്…!
കല്യാണ വീടുകളിൽ,ആഘോഷങ്ങളിൽ നാദസ്വര കച്ചേരിക്കൊപ്പം മൺമറഞ്ഞ കുഞ്ഞിക്കണ്ണൻ ഭാഗവതരോടൊപ്പവും ഹരിദാസിനൊപ്പവും ചത്തൂട്ടിയേട്ടനെ കണ്ടിട്ടുണ്ട്…!
മകൻ മോഹനൻ അതിഗംഭീരമായി വസൂരിമാല ഭഗവതി കെട്ടിയാടുന്നത് നിർവൃതിയോടെ കണ്ടു നിന്ന ചത്തൂട്ടിയേട്ടനെ കണ്ടിട്ടുണ്ട്…!
ഇനി ആ വരവിളി മെയ്യിലേക്കും മനസ്സിലേക്കും ഏറ്റുവാങ്ങാൻ ചാത്തൂട്ടിയേട്ടനില്ല…
പഴയ കാലത്ത തുണ ചാത്തൂട്ടിയേട്ടനില്ല….
ഇനി ഓരോ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് കാണുമ്പോഴും നിങ്ങളെ ഓർത്തോളാം…
സ്നേഹത്തോടെയുള്ള ആ പെരുമാറ്റം ഓർമ്മിച്ചെടുത്ത് ഓമനിച്ചോളാം…
വിട!
ചാത്തൂട്ടിയേട്ടന് ആദരവോടെ വിട!
Sign in
Sign in
Recover your password.
A password will be e-mailed to you.