മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും പിതാവിനും സലിം ഖാനും നേരെ വധ ഭീഷണി. കത്തു വഴിയാണ് ഭീഷണി ലഭിച്ചത്.
‘സിദ്ദു മൂസെവാലയെ പോലെ നീയും തീരും’- എന്ന കുറിപ്പോടെയാണ് ഭീഷണിക്കത്ത്. സല്‍മാന്‍ ഖാനേയും പിതാവ് സലിം ഖാനേയും സംബോധന ചെയ്താണ് ഭീഷണിക്കത്ത്. പ്രഭാത നടത്തത്തിന് ശേഷം തിരക്കഥാകൃത്ത് കൂടിയായ സലിം ഖാന്‍ ഇരിക്കുന്ന സ്ഥലത്ത് നിന്ന് കാവല്‍ക്കാരാണ് കത്ത് കണ്ടെത്തിയത്.
പഞ്ചാബി ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ദു മൂസെവാലയെ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങള്‍ കഴിഞ്ഞയാഴ്ച വെടിവച്ചു കൊന്നിരുന്നു. പഞ്ചാബിലെ മന്‍സ ഗ്രാമത്തില്‍ വച്ചായിരുന്നു കൊലപാതകം.
സല്‍മാന്‍ ഖാനെതിരായ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ് 2018ല്‍ കോടതിയില്‍ നടക്കുമ്പോള്‍ ഇതേ സംഘം നടനെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.