Latest News From Kannur

തട്ടിപ്പ് കേസില്‍ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത വനിതാ എസ്.ഐ.യും അതേ കേസില്‍ പിടിയിലായി

0

ഗുവാഹട്ടി: തട്ടിപ്പ് കേസില്‍ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത വനിതാ എസ്.ഐ.യും അതേ കേസില്‍ പിടിയിലായി. ‘ലേഡി സിങ്കം’ എന്ന പേരിലറിയപ്പെട്ടിരുന്ന അസമിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജുന്‍മോനി രാഭയെയാണ് അഴിമതിക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് മാജുലി ജയിലിലേക്ക് അയച്ചു.

കഴിഞ്ഞമാസമാണ് പ്രതിശ്രുത വരനായ റാണ പൊഗാഗിനെ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത് ജുന്‍മോനി രാഭ വാര്‍ത്തകളിലിടം നേടിയത്. ഒ.എന്‍.ജി.സി.യില്‍ ജോലി വാഗ്ദാനം ചെയ്തും കരാറുകള്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞും പണം തട്ടിയെന്നായിരുന്നു റാണയ്‌ക്കെതിരേയുള്ള പരാതി. തുടര്‍ന്ന് മാജുലി എസ്.ഐ.യായിരുന്ന ജുന്‍മോനി രാഭ തന്നെയാണ് പ്രതിശ്രുത വരനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് സമാന കേസില്‍ എസ്.ഐ.ക്കെതിരേയും ആരോപണമുയര്‍ന്നത്.

റാണയെ പരിചയപ്പെടുത്തിയത് വനിതാ എസ്.ഐ. ആണെന്നും ഇവരെ വിശ്വസിച്ചാണ് റാണയ്ക്ക് പണം നല്‍കിയതെന്നും ആരോപിച്ച് രണ്ട് കരാറുകാരാണ് പരാതി നല്‍കിയിരുന്നത്. ഇതോടെ എസ്.ഐ.ക്കെതിരേയും അന്വേഷണം ആരംഭിച്ച പോലീസ് സംഘം, രണ്ടുദിവസം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2021 ഒക്ടോബറിലായിരുന്നു എസ്.ഐ.യായ ജുന്‍മോനി രാഭയും റാണ പൊഗാഗും തമ്മിലുള്ള വിവാഹനിശ്ചയം. ഈ വര്‍ഷം നവംബറില്‍ വിവാഹിതരാകാനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് തട്ടിപ്പ് കേസും പരാതികളും ഉയര്‍ന്നത്.

അടുത്തിടെ ബിഹ്പുരിയ എം.എല്‍.എ. അമിയകുമാര്‍ ഭുയാനുമായുള്ള രാഭയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നത് ഏറെ വിവാദമായിരുന്നു. വനിതാ എസ്.ഐ. തന്റെ മണ്ഡലത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്നുവെന്നായിരുന്നു എം.എല്‍.എ.യുടെ ആരോപണം. ഇതേച്ചൊല്ലി ഇരുവരും ഫോണിലൂടെ കലഹിച്ചതിന്റെ ശബ്ദരേഖകളാണ് ജനുവരിയില്‍ പുറത്തുവന്നത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ അടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു.

Leave A Reply

Your email address will not be published.