വിജയ് ബാബു നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; രാജ്യം വിട്ടത് കേസ് എടുത്തതിന് പിന്നാലെ; സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു രക്ഷപ്പെട്ടതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് അറിയിച്ചത്.
നേരത്തെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ മടക്കടിക്കറ്റ് ഹാജരാക്കിയാല്‍ ഹര്‍ജി പരിഗണിക്കാമെന്ന് കോടതി നിലപാട് എടുത്തിരുന്നു. തുടര്‍ന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ മടക്കടിക്കറ്റിന്റെ കോപ്പി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു.
ജാമ്യഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച കോടതിയില്‍ എത്താമെന്ന് വിജയ്ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ദുബായിലേക്ക് പോയത് കേസ് വന്നു എന്നറിഞ്ഞുകൊണ്ടല്ല. മറ്റൊരാവശ്യത്തിന് വേണ്ടിയാണ് ദുബായില്‍ പോയതെന്നും വിജയ്ബാബുവിന്റെ അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം, ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ നടന്‍ വിജയ് ബാബു തിങ്കളാഴ്ച വിദേശത്തുനിന്ന് എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിണര്‍ സി.എച്ച്.നാഗരാജു. ലുക്കൗട്ട് നോട്ടിസ് ഉള്ളതിനാല്‍ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല. വിജയ് ബാബുവിന് സഹായം നല്‍കിയവരെ ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ പറഞ്ഞു.