കൊച്ചി: വിദ്വേഷപ്രസംഗക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പിസി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് എടുത്ത കേസില്‍ ജോര്‍ജിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.
ജോര്‍ജിനു ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് ഹൈക്കോടതി നടപടി. സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജാമ്യത്തിനായി ഏതു വ്യവസ്ഥയും അംഗീകരിക്കാമെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പിസി ജോര്‍ജ് പാഠം പഠിച്ചു. ഇനി കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞു. ഇത് എതിര്‍ത്ത പ്രോസിക്യൂഷന്‍ ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം കണക്കിലെടുക്കണം. പാലാരിവട്ടം കേസില്‍ മുന്‍കൂര്‍ജാമ്യം നല്‍കി ജോര്‍ജിനെ ബഹുമാനിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു ജാമ്യം നല്‍കിയാല്‍ മതസ്പര്‍ധ നടത്തുന്ന പ്രസംഗം നടത്തില്ലെന്നും ഉറപ്പുവരുത്തണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.