കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരെയും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ ശരത്തിനെ 15-ാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ട വിവരം കോടതിയെ അറിയിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതി ഈ റിപ്പോര്‍ട്ട് സെഷന്‍സ് കോടതിക്ക് കൈമാറും.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ശരത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശരത്തിന്‍റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. മെയ് 31-നകം തുടരന്വേന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറാം പ്രതിയാണ് ശരത്. കേസിൽ ദിലീപ് എട്ടാം പ്രതിയായി തുടരും. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ശരത് ദിലീപിന്റെ വീട്ടിൽ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടിൽ വെച്ച് ദിലീപും സുഹൃത്തുക്കളും ചേർന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.