‘ഹോണ്ട സിറ്റി വേണമായിരുന്നു’; വിസ്മയയും കിരണും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്; കൂടുതല്‍ തെളിവുകള്‍
തിരുവനന്തപുരം: വിസ്മയ കേസില്‍ ഇന്ന് വിധി വരാനിരിക്കേ കിരണ്‍കുമാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ തെളിവകള്‍ പുറത്ത്. വിസ്മയയും ഭര്‍ത്താവ് കിരണ്‍കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നത്. വിലകൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയോട് ഭര്‍ത്താവ് കലഹിക്കുന്നതും പുറത്തുവന്ന സംഭാഷണത്തില്‍ ഉണ്ട്. സമ്മാനമായി തന്നത് തനിക്ക് ഇഷ്ടപ്പെട്ട മോഡല്‍ കാറല്ലെന്നാണ് കിരണ്‍ പറയുന്നത്. ‘ഹോണ്ടാ സിറ്റിയായിരുന്നു എനിക്കിഷ്ടം. അതിന് വിലക്കൂടുതലാ, അത് നോക്കണ്ടെന്ന് ഞാന്‍ തന്നെ നിങ്ങടെ എച്ചിത്തരം കണ്ടപ്പോ പറഞ്ഞു. വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്തതല്ലേ. രാത്രി വന്നപ്പഴാണ് ഞാനീ സാധനം കണ്ടത്. അപ്പഴേ എന്റെ കിളി പോയി’- പുറത്തുവന്ന സംഭാഷണത്തില്‍ പറയുന്നു.
അതേസമയം കിരണ്‍ കുമാറിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. മാതൃകാപരമായ ശിക്ഷ കിട്ടണം. പഴുതടച്ച അന്വേഷണമാണ് നടന്നത്. മകള്‍ അനുഭവിച്ചതിന്റെ നാലിലൊന്നെങ്കിലും കിരണും അനുവഭിക്കും. കിരണ്‍ കുമാര്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് തനിക്ക് നേരെ ഭീഷണികത്ത് വന്നിരുന്നു. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ മകന്റെയും മകളുടെയും പേരില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നതായും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.
കേസില്‍ കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പതിനൊന്ന് മണിക്ക് വിധി പ്രസ്താവിക്കും. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഉലച്ച കേസില്‍ കോടതി വിധി പറയുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐയും ആയിരുന്ന കിരണ്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്.
ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍ത്തൃ ഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിച്ചില്ലെന്നും പറഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍ കുമാര്‍ ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. 2020 മേയ് 30-നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐ ആയിരുന്ന കിരണ്‍ കുമാര്‍ വിവാഹം കഴിച്ചത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.