മാഹി: മാഹി നഗരസഭയുടെ കീഴിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ മാഹി പ്രദേശങ്ങളിലെ ഓവുച്ചാലുകളും റോഡുകളും വൃത്തിയാക്കി കൊണ്ട് ആരംഭിച്ചു. വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള സ്ഥലങ്ങൾ മുനിസിപ്പാലിറ്റി കമ്മിഷണർ മറ്റു ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പ്രധാന സ്ഥലങ്ങളിൽ ജെസിബി ഉപയോഗിച്ചും ആളുകളെ വിന്യസിച്ചും ഓവുചാലുകളിലെയും കാനാലുകളിലെയും ചളിയും മണ്ണും നീക്കുന്ന പ്രവർത്തി ആരംഭിച്ചതായി കമ്മിഷണർ അറിയിച്ചു. കൂടാതെ മുനിസിപ്പൽ പൊതുകിണറുകളും ശുചീകരിക്കുന്ന പ്രവർത്തനം തുടങ്ങി. വീടും പരിസരങ്ങളും വൃത്തിയാക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ,കൊതുക് നിർമാർജ്ജനത്തിനായി ഫോഗിങ് തുടങ്ങിയവ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം അറിയിച്ചു.