കുരങ്ങുപനി പടരുന്നു; കൂടുതൽ രാജ്യങ്ങളിൽ രോഗികൾ; കോവിഡിന് പിന്നാലെ മറ്റൊരു വൈറസ് വ്യാപന ഭീഷണിയിൽ ലോകം?
വാഷിങ്ടണ്‍: വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ചതോടെ ലോകം മറ്റൊരു പകർച്ചവ്യാധി വ്യാപനത്തിന്റെ ആശങ്കയിൽ. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതാണ് ആശങ്ക പടർത്തുന്നത്.
കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചു. സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലും രോഗികളുണ്ട്.
ഫ്രാന്‍സില്‍ 29 കാരനാണ് രോഗബാധ കണ്ടെത്തിയത്. ബെല്‍ജിയത്തില്‍ രണ്ട് പേര്‍ക്ക് രോഗമുള്ളതായി അധികൃതര്‍ അറിയിച്ചു. സ്‌പെയിനില്‍ വെള്ളിയാഴ്ച 14 പേര്‍ക്കു കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 21 ആയി.
ഫ്രാന്‍സില്‍ കുരങ്ങുപനി സ്ഥിരീകരിച്ച വ്യക്തി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് ആരോഗ്യ മേഖലാ അധികൃതര്‍ പറയുന്നു. ബെല്‍ജിയത്തില്‍ രോഗം കണ്ടെത്തിയ രണ്ട് പേരും ഒരേ വിരുന്നില്‍ പങ്കെടുത്തവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് രോഗികളുടേയും നില ഗുരുതരമല്ല. ഇരുവരേയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
രോഗികളുടെ എണ്ണം 21 ആയ സ്‌പെയിനില്‍ 20 പേര്‍ക്ക് കൂടി വൈറസ് ബാധ സംശയിക്കുന്നുണ്ട്. നൈജീരിയയില്‍ നിന്ന് യുകെയിലേക്ക് മടങ്ങിയ വിമാനത്തിലുണ്ടായിരുന്ന ആറ് പേര്‍ നിരീക്ഷണത്തിലാണ്. വിമാനത്തിലെ ഒരു യാത്രക്കാരന് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.
അമേരിക്കയില്‍ കാനഡ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ മസാച്യുസെറ്റ്‌സ് സ്വദേശിക്കാണ് വ്യാഴാഴ്ച കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതോടെ കാനഡയില്‍ ഇതുവരെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ക്യൂബെക് പ്രവിശ്യയിലെ 17 പേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇറ്റലി, സ്വീഡന്‍ എന്നിവടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യൂറോപ്പില്‍ നിന്നെത്തിയ ഒരാള്‍ക്ക് കുരങ്ങുപനി സംശയിക്കുന്നതായി ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു.
പോര്‍ച്ചുഗലില്‍ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണ്. രോഗ വ്യാപനം തടയാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. യു.കെയില്‍ മെയ് ആറിന് ഒൻപത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരിലാണ് അധിക രോഗ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൂടാതെ ത്വക്കില്‍ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പനി, തലവേദന, ത്വക്കില്‍ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍. കുരങ്ങ്, എലി എന്നിവയില്‍ നിന്ന് രോഗം സംക്രമിക്കാനിടയുണ്ട്.
കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണ നിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദവും. ഗുരുതര രോഗ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്. കുരങ്ങുപനിയില്‍ മരണ നിരക്ക് പൊതുവെ കുറവാണ്.