Latest News From Kannur

‘സർവൈവർമാരെ അപമാനിക്കുന്ന കൊലച്ചിരിയല്ല, മീ ടുവിനെ സില്ലിയായിട്ടല്ല കാണുന്നത്’; മാപ്പു പറഞ്ഞ് ധ്യാൻ

0

മീടുവിനെക്കുറിച്ചുള്ള നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശം വൻ വിവാദമായിരുന്നു. തന്റെ മീടൂ വർഷങ്ങൾക്ക് മുൻപായിരുന്നെന്നും അന്നുണ്ടായിരുന്നെങ്കിൽ തനിക്കെതിരെയും ഉണ്ടാകുമായിരുന്നു എന്നാണ് ധ്യാൻ പറഞ്ഞത്. സംഭവം ചർച്ചയായതിനു പിന്നാലെ എഴുത്തുകാരൻ എൻഎസ് മാധവൻ ഉൾപ്പടെ നിരവധി പേരാണ് ധ്യാനിനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ മീടൂ പരാമർശത്തിൽ മാപ്പു പറഞ്ഞിരിക്കുകയാണ് ധ്യാൻ.

താൻ മീടൂവിനെ സില്ലിയായിട്ടല്ല കാണുന്നത് എന്നാണ് ധ്യാൻ പറഞ്ഞത്. ആരെയെങ്കിലും വേദനിപ്പിക്കാൻ ‍വേണ്ടിയുള്ളതോ സർവൈവർമാരെ അപമാനിക്കുന്ന കൊലച്ചിരിയോ ആയിരുന്നില്ല അത്. അങ്ങനെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നതായും ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു.

മീ ടുവിനെ ഞാൻ സില്ലിയായിട്ടല്ല കാണുന്നത്. ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് അവതാരകൻ അന്ന് എന്നോട് ചോദിച്ചത്. എന്തിനാണ് അങ്ങനെയൊക്കെയുള്ള ചോദ്യങ്ങളെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അടുത്തൊരു ചോദ്യം വരുമെന്ന് അറിയാം അതുകൊണ്ട് കാഷ്യലായാണ് ഞാൻ കൊറോ പേരെ തേച്ചിട്ടുണ്ടെന്ന് പറഞ്ഞത്. പണ്ടൊക്കെ ആയിരുന്നെങ്കിൽ ഞാൻ പെട്ട് പോയെനെ എന്ന് ചെറുതായി ചിരിച്ചിട്ടാണ് പറഞ്ഞത്. ആ ചിരിയെ പറ്റി ഒരു ഡോക്ടർ സ്റ്റേറ്റ്മെന്റ് ഇട്ടുകണ്ടു. ഞാൻ പണ്ട് ചെയ്ത തോന്ന്യവാസവും പോക്രിത്തരവും അല്ലെങ്കിൽ എന്റെ കഥകളൊക്കെ ആലോചിച്ചിട്ടാകും ഞാൻ ചിരിക്കുന്നത്. അത് ആരെയെങ്കിലും വേദനിപ്പിക്കാൻ ‍വേണ്ടിയുള്ളതോ സർവൈവർമാരെ അപമാനിക്കുന്ന കൊലച്ചിരിയോ അല്ല. ഞാൻ വേറെയൊന്നും ഉദ്ദേശിച്ചിട്ടല്ല ചിരിച്ചത്. അങ്ങനെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി.- ധ്യാൻ പറഞ്ഞു.

താൻ പത്ത് പന്ത്രണ്ട് കൊല്ലങ്ങൾക്ക് മുൻപ് മീടൂ ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ‘ലോകത്താരെങ്കിലും ഞാൻ മീടു ചെയ്തിട്ടുണ്ടെന്ന് ഇങ്ങനെയൊരു പ്ലാറ്റ്ഫോമിൽ വന്നിരുന്ന് പറയുമോ. അങ്ങനെ ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതയാൾ ചെയ്തിട്ടുണ്ടാകണം. ഞാനത് ചെയ്തിട്ടുണ്ട്. വെറുതെ ഒരു സ്റ്റേറ്റ്മെന്റ് അല്ലത്. പത്ത് പന്ത്രണ്ട് കൊല്ലങ്ങൾക്ക് മുമ്പ് ഞാൻ ചെയ്തിട്ടുള്ള പ്രധാനകാര്യങ്ങളെന്തെന്ന് വച്ചാൽ, ഒന്ന് സെക്സ് ജോക്കാണ്. എന്റെ ഒരു പെൺസുഹൃത്ത് അത് ശരിയല്ലെന്ന് പറഞ്ഞപ്പോഴാണ് ഞാൻ റിയലൈസ് ചെയ്യുന്നത്. പിന്നീട് തിര സിനിമ ചെയ്യുന്ന സമയത്ത് ഇക്കാര്യങ്ങനെ പറ്റിയുള്ള പുസ്തകങ്ങൾ വായിക്കുകയും റിസർച്ച് ചെയ്യുകയും ചെയ്തിരുന്നു. അപ്പോഴാണ് ഞാൻ പണ്ട് പറഞ്ഞ കാര്യങ്ങളൊക്കെ ആർക്കൊക്കെ വിഷമമായി കാണും എന്ന്  മനസ്സിലാക്കുന്നത്. പിന്നീട് വളർന്ന് വരുന്തോറും സ്ത്രീകളെ ബഹുമാനിക്കാനും അവരെ അറിയാനും തുടങ്ങിയിരുന്നു.

ഫിസിക്കലി അറ്റാക്ക് ചെയ്യുന്നത് മാത്രമാണ് മീ ടു എന്നാണ് പലരുടെയും വിചാരം. ദ്വയാർത്ഥം, ഒരാളോട് പോയി എനിക്ക് സെക്സ് ചെയ്യാൻ താല്പര്യമുണ്ടെന്ന് പറയുന്നത് പോലും മീ ടു ആണ്. ഇപ്പോഴും ഈ രീതിയിലൊക്കെ തമാശ പറയുന്നവർ ഉണ്ട്. അതൊരിക്കലും ചെയ്യാൻ പാടില്ല. ഇത്രയും സെൻസിറ്റീവ് ആയിട്ടുള്ള വിഷയത്തെ ഞാൻ വളരെ സില്ലിയായിട്ട് എടുത്തു എന്നുള്ളതാണ് ഇത്രയും വിമർശനങ്ങൾ വരാൻ കാരണം.’- താരം വ്യക്തമാക്കി.

ചിരിച്ചതിനാണ് ക്ഷമ ചോദിക്കുന്നതെന്നും സ്റ്റേറ്റ്മെന്റിൽ ഉറച്ചു നിൽക്കുന്നുണ്ടെന്നും ധ്യാൻ പറഞ്ഞു.  ‘തേക്കുക എന്ന് പറയുന്നത് സ്ത്രീവിരുദ്ധമായൊരു പോയിന്റല്ല. തന്നെ തേക്കാൻ നോക്കിവരെ ഞാൻ തിരിച്ച് തേച്ചിട്ടുള്ളൂ. നിങ്ങളൊക്കെ വിചാരിക്കും പോലെ ലോകത്തിലെ എല്ലാ പെൺകുട്ടികളും നല്ലവരൊന്നും അല്ല. നല്ലതും ചീത്തയും ഉണ്ട്. ചെന്നൈ പോലൊരു ന​ഗരത്തിലാണ് ഞാൻ പഠിച്ചത്. അവിടെയുള്ള പെൺകുട്ടികൾ പ്രേമിക്കുന്നതിന് മുമ്പ് പയ്യന്റെ പ്രൊഫൈൽ നോക്കും. അവന്റെ കയ്യിൽ കാശുണ്ടോ എന്ന്. കാശില്ലാത്തവരെ പ്രേമിക്കില്ല. കാശിന് വേണ്ടി മാത്രം എന്റെ കൂടെ നടന്ന പെൺപിള്ളാരുണ്ട്. ഇവർക്ക് ആ സമയത്ത് വേറെ റിലേഷനും കാണും. ആണുങ്ങളെ കൃത്യമായി യൂസ് ചെയ്യാൻ കഴിയുന്നവരും ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം. ഞാൻ പറയുന്ന ഈ പെൺകുട്ടികളൊന്നും മലയാളികളല്ലെന്ന് കൂടി മനസ്സിലാക്കണം. അതുകൊണ്ട് അങ്ങനെയുള്ളവരെ യാതൊരു ദയവുമില്ലാതെ ഞാൻ തേച്ചിട്ടുണ്ട്.’ – ധ്യാൻ പറഞ്ഞു.

Leave A Reply

Your email address will not be published.