Latest News From Kannur

റെയില്‍വേ ജോലിക്കു പകരമായി ഭൂമി എഴുതിവാങ്ങി; ലാലുവിനെതിരെ പുതിയ കേസ്, സിബിഐ റെയ്ഡ്

0

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ പുതിയ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തു. റെയില്‍വേയില്‍ ജോലിക്കു പകരമായി ഉദ്യോഗാര്‍ഥികളുടെ ഭൂമി സ്വന്തമാക്കിയെന്നാണ് കേസ്.

ലാലു പ്രസാദ് യാദവ്, മുന്‍ മുഖ്യമന്ത്രിയും ഭാര്യയുമായ റാബറി ദേവി, മക്കള്‍ മിസ, ഹേമ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഴിമതി നിരോധന നിയമത്തിനു പുറമേ ഐപിസി 120 ബി പ്രകാരവും കേസെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയും പറ്റ്‌നയും അടക്കം പതിനാറു കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.

യുപിഎ ഭരണകാലത്ത് ലാലു റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. 2008ലും 2009ലുമായി നിരവധി ഭൂമികള്‍ ലാലുവിന്റെ കുടുംബാംഗങ്ങളുടെ പേരിലേക്കു മാറ്റിയതായി എഫഐആറില്‍ പറയുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ശിക്ഷിക്കപ്പെട്ട ലാലു നിലവില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. ഏതാനും ആഴ്ച മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്.

Leave A Reply

Your email address will not be published.