കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കുവൈത്ത്, ബഹ്റൈൻ, ദമാം സർവീസുകൾ പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു നിർത്തലാക്കിയ വിവിധ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്. സമ്മർ ഷെഡ്യൂളിലായിരിക്കും സർവീസ് വീണ്ടും ആരംഭിക്കുക. 2026 ഏപ്രിൽ ഒന്നുമുതൽ ആഴ്ചയിൽ 2 വീതം സർവീസുകൾ നടത്തും. ഇതിൽ കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. കണ്ണൂരിൽനിന്നു വൈകിട്ട് 5.40നു പുറപ്പെട്ട് കുവൈത്തിൽ രാത്രി 8.20ന് എത്തി തിരിച്ച്, രാത്രി തന്നെ പുറപ്പെട്ടു പുലർച്ചെ 4.50നു കണ്ണൂരിലെത്തുന്ന തരത്തിലാണു സമയക്രമം.
മറ്റു റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഉടൻ ആരംഭിക്കും. ഈ 3 സെക്ടറിനു പുറമേ എയർഇന്ത്യ ജിദ്ദ സർവീസും നവംബർ ഒന്നുമുതൽ നിർത്തലാക്കിയിരുന്നു. ഷാർജ, മസ്കത്ത്, ദുബായ്, റാസൽഖൈമ റൂട്ടിലെ സർവീസുകൾ കുറയ്ക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെ വ്യാപക പരാതിയെ തുടർന്നാണു സർവീസുകൾ പുനരാരംഭിക്കുന്നത്.
കണ്ണൂർ–ദോഹ സെക്ടറിൽ ഖത്തർ എയർവേയ്സ് വിമാനവുമായി ഇൻഡിഗോ
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള ഇൻഡിഗോ എയർലൈൻസിന്റെ കണ്ണൂർ–ദോഹ സെക്ടറിൽ ഖത്തർ എയർവേയ്സ് വിമാനങ്ങൾ ഉപയോഗിക്കും. ഖത്തർ എയർവേയ്സിന്റെ ബോയിങ് 737 മാക്സ് 8 ജെറ്റുകളിൽനിന്നു വാടകയ്ക്കെടുത്ത വിമാനങ്ങളാണു കണ്ണൂരിൽനിന്നു സർവീസ് നടത്തുന്നത്. ഇൻഡിഗോ ഖത്തർ എയർവേയ്സ് വിമാനങ്ങൾ കണ്ണൂരിലെത്തി.
പ്രാദേശികസമയം രാവിലെ 8.40നു ദോഹയിൽനിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.10നു കണ്ണൂരിലെത്തി വൈകിട്ട് 4.25നു കണ്ണൂരിൽനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 6.30നു ദോഹയിലെത്തുന്ന തരത്തിലാണു സമയക്രമം. വിന്റർ ഷെഡ്യൂളിൽ ആഴ്ചയിൽ 5 ദിവസമാണ് ഇൻഡിഗോ കണ്ണൂരിനും ദോഹയ്ക്കും ഇടയിൽ സർവീസ് നടത്തുക.