കണ്ണൂർ : നിർമാണ പ്രവർത്തനം നടക്കുന്ന ദേശീയ പാത 66-ലെ അടിപ്പാതയ്ക്ക് മുകളിൽ നിന്ന് ഓടിക്കൊണ്ടിരുന്ന കാർ താഴെ വീണു.
തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളിൽ നിന്നാണ് കാർ താഴേക്ക് വീണത്.
അടിപ്പാതയ്ക്ക് മുകളിൽ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല. മേൽപ്പാലത്തിന്റെ ഇരുഭാഗവും തമ്മിൽ യോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്.
മുകളിൽ നിന്ന് വീണ കാർ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളിൽ ഡ്രൈവറും കുടുങ്ങി. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് സംശയിക്കുന്നു. നാട്ടുകാർ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയുടെ സഹായത്തോടെ കാർ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരിൽ എടക്കാട് പോലീസ് കേസെടുത്തു.
ഈ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടില്ല. മിംസ് ആശുപത്രിയുടെ മുന്നിൽ നിന്ന് സർവീസ് റോഡ് വഴി വാഹനങ്ങൾ പോകണം. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാൾ കാറോടിച്ചത്.