എൻ ഡി എ സർക്കാരിൻ്റെ വികസനങ്ങൾ സ്വന്തം നേട്ടമായി പ്രചരിപ്പിക്കുന്ന മാഹി എം എൽ എ യുടെ കാപട്യം ജനങ്ങൾ തിരിച്ചറിയണം – ബിജെപി
മാഹി : പുതുച്ചേരി സംസ്ഥാനത്തെയും കേന്ദ്രത്തിലെയും എൻഡിഎ സർക്കാരുകൾ കഴിഞ്ഞ നാലര വർഷങ്ങളായി മാഹിയുടെ സമഗ്രവികസനത്തിനായി അനവധി പദ്ധതികൾ നടപ്പിലാക്കി വരികയാണ്. എന്നാൽ, ഈ പദ്ധതികളുടെ നേട്ടങ്ങൾ സ്വന്തം പേരിലാക്കി എട്ട് കാലി മമ്മൂഞ്ഞി ചമയുകയാണ് മാഹി എം എൽ എ രമേശ് പറമ്പത്ത് ചെയ്യുന്നതെന്ന് ബി ജെ പി മാഹി മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ മാഹിയിൽ നടത്തിയ വാർത്താ സമ്മേളത്തിൽ പറഞ്ഞു.
മാഹിയിൽ നവംബർ 14 ന് ഉദ്ഘാടനം ചെയ്യുന്ന മദർ തെരേസ നഴ്സിംഗ് കോളെജ്, ചാലക്കര ആയുർവേദ ആശുപത്രി നവീകരണം, മാഹി ജനറൽ ആശുപത്രിയിലെ ആധുനിക കിച്ചൻ ബ്ലോക്കും C-Arm മിഷനും, പുഴയോര നടപ്പാതയുടെ രണ്ടാം ഘട്ടം, ട്രോമാ കെയർ യൂണിറ്റ്, പള്ളൂർ ആശുപത്രി കെട്ടിടം, മാഹി പോലീസ് സൂപ്രണ്ട് ഓഫീസ് എന്നിവയൊക്കെ പുതുച്ചേരി ഭരിക്കുന്ന ബി ജെ പി – എൻ ആർ കോൺഗ്രസ്സ് സംഖ്യ സർക്കാരിന്റെ പദ്ധതികളും, നേട്ടങ്ങളുമാണ്. ഇത്തരം പദ്ധതികളാണ് സ്വന്തം നേട്ടമായി എം എൽ എ പ്രചരിപ്പിക്കുന്നത് ജനങ്ങൾ തിരിച്ചറിയണമെന്ന് പ്രഭീഷ്കുമാർ ആവശ്യപ്പെട്ടു.
മേൽ പറഞ്ഞ ഒരു പദ്ധതിയും എം എൽ എ യുടെ വ്യക്തിപരമായ നീക്കങ്ങളാൽ ആരംഭിച്ചതോ പൂർത്തിയാക്കിയതോ അല്ല. കേന്ദ്രസർക്കാരിന്റെ നയപരമായ പിന്തുണയും സംസ്ഥാന എൻഡിഎ സർക്കാരിൻ്റെ ഭരണനിശ്ചയദാർഢ്യവുമാണ് ഈ വികസനങ്ങളുടെ അടിസ്ഥാനം.
കഴിഞ്ഞ കോൺഗ്രസ് ഭരണകാലത്ത് മാഹി ഹാർബർ, ട്രോമാ കെയർ, റോഡ് വികസനം തുടങ്ങിയ അനവധി പദ്ധതികൾ അഴിമതിയും അനാസ്ഥയും കാരണം പാതിവഴിയിൽ നിലച്ചുവെന്നത് എല്ലാവർക്കും അറിയാവുന്ന സത്യമാണ്. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതോടെ തന്നെ ഈ പദ്ധതികൾ പുനരാരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തു.
അതുപോലെ, മാഹിയിൽ ആരോഗ്യരംഗത്ത് നടന്ന ഡയാലിസിസ് യൂണിറ്റ്, ആധുനിക ലാബ്, വാതക ശ്മശാനം, നബാഡിൽ നിന്നുള്ള ഫണ്ട് വഴിയാണ് റോഡ് വികസനങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെയും കേന്ദ്ര -സംസ്ഥാന എൻഡിഎ സർക്കാരിന്റെയും നേരിട്ടുള്ള ഇടപെടലിലൂടെയാണ് മുന്നോട്ട് പോകുന്നത്.
അതേസമയം, കഴിഞ്ഞ കോൺഗ്രസ് മന്ത്രിസഭയ്ക്ക് പിന്തുണ നൽകിയ ഇടതുപക്ഷ സ്വതന്ത്ര എം എൽ എ രാമചന്ദ്രൻ മാസ്റ്ററുടെ അവസ്ഥ എല്ലാവർക്കും ഓർമ്മയിലുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ ആ ജനപ്രതിനിധിക്കു എം എൽ എ ഫണ്ട് നിഷേധിക്കുകയും വികസന പ്രവൃത്തികൾ തടയുകയും ചെയ്തതാണ് .
അതേസമയം, എൻഡിഎ സർക്കാർ രാഷ്ട്രീയപകപോക്കലില്ലാതെ എല്ലാ മണ്ഡലങ്ങളിലേക്കും വികസനം എത്തിക്കുക എന്നതാണ് ഭരണത്തിന്റെ നയം. അത് തന്നെയാണ് മാഹിയിൽ ഇന്ന് നടപ്പിലാക്കുന്ന വളർച്ചയുടെ അടിസ്ഥാനതത്വം.
മാഹിയുടെ വികസനവും പുരോഗതിയും എൻ ഡി എ സർക്കാരിൻ്റെ ദൃഢമായ തീരുമാനങ്ങളുടെയും കൃത്യമായ പദ്ധതികളുടെയും ഫലമാണ്, വാഗ്ദാനങ്ങളുടെ ശേഖരം അല്ല.
എൻ ഡി എ സർക്കാരിൻ്റെ ജനപക്ഷ ഭരണമാണ് മാഹിയെ മുന്നോട്ട് കൊണ്ടുപോകുന്നത്. വികസനത്തിന്റെ യഥാർത്ഥ ഉടമ ജനങ്ങളാണ്, രാഷ്ട്രീയ കണക്കുകൂട്ടലുകൾ നടത്തുന്നവർ അല്ല.
ഉദ്ഘാടന വേളയിൽ ബഹു.ഗവർണ്ണർ ബഹു.സ്പീക്കർ എന്നിവരുടെ സാന്നിധ്യം തന്നെ അപ്രസക്തമാക്കുമെന്ന തിരിച്ചറിവിലാണ് എം എൽ എ പത്രസമ്മേളനം നടത്തിയത്.
സ്ഥലം എം എൽ എയോടുള്ള വ്യക്തിപരമായ ആദരവ് നിലനിർത്തിയാണ് ഞങ്ങൾ പറയുന്നത് ഇത്തരത്തിലുള്ള രാഷ്ട്രീയ കോമാളിത്തരങ്ങളിൽ നിന്നും, എൻഡിഎ സർക്കാർ നടത്തുന്ന വികസനങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ നിന്നും മാഹി എം എൽ എ രമേശ് പറമ്പത്ത്പിൻമാറണമെന്ന് ബി ജെ പി മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ ആവശ്യപ്പെട്ടു സംസ്ഥാന സമിതി അംഗം അംഗവളപ്പിൽ ദിനേശൻ, അഡ്വ : എൻ.കെ. ഇന്ദ്രപ്രസാദ്, കെ. എം. ത്രിജേഷ്.ടി.എ.ലതീബ് എന്നിവരും വാർത്ത സമ്മേളത്തിൽ പങ്കെടുത്തു.