നവംബർ 5 മുതൽ 9 വരെ ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരങ്ങളിൽ, 60 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ജെമ്മ ജോസഫ് പങ്കെടുത്തു. കണ്ണൂരിൽ നിന്നും 25 പേരടങ്ങുന്ന ടീമിനൊപ്പമാണ് അവർ യാത്ര തിരിച്ചത്.
ആകെ 15 മെഡലുകളുമായാണ് ടീം കണ്ണൂർ മടങ്ങിയെത്തുന്നത്. അതിൽ ജെമ്മ ജോസഫിന്റെ സംഭാവന ഒരു ഗോൾഡും ഒരു സിൽവറുമാണ്. 4 x 100 മീറ്ററിൽ സ്വർണവും പോൾ വാൾട്ടിൽ വെള്ളിയും ലഭിച്ചു. 80 മീറ്റർ ഹർഡിൽസിൽ അഞ്ചാം സ്ഥാനവും 300 മീറ്റർ ഹർഡിൽസിൽ 6-ാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിന് 7-ാം സ്ഥാനവും ലഭിച്ചു.
ജീവിതത്തിൽ ചിലർ ഇതുപോലെയാണ് – പ്രായം കൂടുമ്പോൾ കരുത്തും കൂടുന്നവർ.
അതിരുകൾ കടക്കുന്നത് അവരുടെ ശീലമാണ്.
ഇതാ, കണ്ണൂരിന്റെ സ്വന്തം അഭിമാനം ജെമ്മ ജോസഫ് – അതിന് ഒരു ഉദാഹരണം.
ചെറുപ്പം മുതൽ ട്രാക്കിലും ഫീൽഡിലുമായിരുന്നു അവർ. ഓട്ടം, ഹഡിൽസ്, റിലേ, പോൾ വോൾട്ട് –
ഏതു ഇവന്റിൽ കൈവെക്കുമ്പോഴും അതിൽ ശോഭിക്കാൻ കഴിവുള്ള, വർഷങ്ങളോളം സംസ്ഥാന-ദേശീയ-അന്തർദേശീയ വേദികളിൽ മെഡലുകൾ സ്വന്തമാക്കി മുന്നേറിയ ഒരു അത്ലറ്റ്. കാലം മാറിയെങ്കിലും അവരുടെ സ്പിരിറ്റിന് എന്നും പുതുമയാണ്. അവരുടെ പുതിയ നേട്ടം ഒരു മാതൃക മാത്രമല്ല, ജീവിതം എങ്ങനെ കരുത്തോടെ നയിക്കണം എന്ന പാഠവുമാണ്.
കണ്ണൂർ ജില്ലയിലെ പേരാവൂർ കൊളക്കാട് ആണ് ജെമ്മ ജോസഫ്. ഇപ്പോൾ മുണ്ടയാട് ആണ് താമസം. കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ രണ്ടാം ബാച്ച് വിദ്യാർത്ഥിയായിരുന്നു ജെമ്മ ജോസഫ്.