വിഷാംശമുള്ളതും നിലവാരമില്ലാത്തതുമായ ചുമമരുന്നുകളുടെ വിൽപന തടയുന്നതിന് ഇന്ത്യ കൂടുതൽ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇന്ത്യൻ നിർമിത ചുമമരുന്നു കഴിച്ച് രാജ്യത്തിന് അകത്തും പുറത്തും കുട്ടികൾ മരിച്ചതിനെത്തുടർന്നാണു ഡബ്ല്യുഎച്ച്ഒയുടെ പ്രതികരണം.
മരുന്നുകളുടെ കയറ്റുമതിക്കു മുൻപ് ഡൈഎഥിലീൻ, എഥിലീൻ ഗ്ലൈക്കോൾ പോലുള്ള രാസവസ്തുക്കൾ അനുവദനീയ അളവിൽ കൂടുതലുണ്ടോയെന്നു പരിശോധിക്കണമെന്ന് മുൻപും ഇന്ത്യയ്ക്കു നിർദേശം നൽകിയിരുന്നതായി ഡബ്ല്യുഎച്ച്ഒ പറഞ്ഞു. കയറ്റുമതിക്കുള്ള ഈ നിയന്ത്രണം രാജ്യത്തിനകത്തെ വിൽപനയ്ക്കില്ലാത്തതിനാൽ പ്രാദേശിക വിപണിയിൽ ഇത്തരം മരുന്നുകൾ ലഭ്യമാണെന്നും ചൂണ്ടിക്കാട്ടി.