Latest News From Kannur

മാധ്യമ കുലപതി ടിജെഎസ് ജോര്‍ജ് അന്തരിച്ചു

0

ബംഗളൂരു :: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു.

മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ. എസ്. ജോര്‍ജിന്റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. 1950 ല്‍ ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഹോംങ്കോങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്്. പട്‌നയില്‍ സെര്‍ച്ച്‌ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് അതുണ്ടായത്. പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാണ് അദ്ദേഹത്തിന്റെ കേസ് വാദിക്കാന്‍ അന്ന് പട്‌നയിലെത്തിയത്. വി.കെ കൃഷ്ണമേനോന്‍, എം.എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യ്യൂ തുടങ്ങിയവ മഹാന്‍മാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളായ ഘോഷയാത്രയും ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

2011 ല്‍ രാജ്യം പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2017ല്‍ സ്വദേശാഭിമാനി പുരസ്‌കാരവും ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.