Latest News From Kannur

‘അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റാത്തതിന് നന്ദി’, സ്വര്‍ണപ്പാളി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

0

കൊച്ചി : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ആവശ്യപ്പെട്ടു. 1998ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 2019 ല്‍ അറ്റകുറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയപ്പോള്‍ നാല്‍പതോളം ദിവസമാണ് ഇത് ചെന്നൈയില്‍ എത്താന്‍ എടുത്തത്. ഇക്കാലയളവില്‍ എന്താണ് നടന്നത് എന്ന് പുറത്ത് വരണം. സ്വര്‍ണം അടിച്ചുമാറ്റാനുള്ള നടപടികള്‍ ആയിരുന്നോ നടന്നത് അതോ പൂജ നടത്തി പണമുണ്ടാക്കുകയായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആലുവയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം മന്ത്രി എന്നിവര്‍ രാജിവയ്ക്കണം. 2019 ല്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍, അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സ്വര്‍ണപ്പാളി ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണം. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അന്തര്‍സംസ്ഥാന ബന്ധമുള്ള തട്ടിപ്പാണ് സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. അതിനാല്‍ സിബിഐ അന്വേഷണം വേണം. സ്വര്‍ണം നഷ്ടപ്പെട്ട വിവരം ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നിട്ടും രേഖകള്‍ മൂടിവച്ചു. പലരും തട്ടിപ്പിന്റെ പങ്കുപറ്റി എന്നതിന്റെ തെളിവാണിത്. ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പിന്റെ ഇടനിലക്കാരനാണ്. 2019 ല്‍ പൂശാന്‍ കൊണ്ടുപോയ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വീണ്ടും പോറ്റിയെ ഉപയോഗിച്ചത് തട്ടിപ്പിന്റെ കൂട്ടുകച്ചവടത്തിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തട്ടിപ്പ് നടത്തിയ വ്യക്തിയെ തന്നെ വീണ്ടും വിളിച്ചു വരുത്തി വീണ്ടും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ചു. തട്ടിപ്പ് എന്തിന് മൂടിവച്ചു, എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല. കുറവ് വരുത്തിയവരെ എന്തിന് വീണ്ടും വിളിച്ചുവരുത്തി എന്നീ മൂന്ന് ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടത്. വിഷയത്തില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ തട്ടിപ്പ് ആരും അറിയില്ലായിരുന്നു. അയ്യപ്പവിഗ്രഹം അടിച്ചുമാറ്റാത്തിന് നന്ദിണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Leave A Reply

Your email address will not be published.