പാനൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പതിനേഴുകാരനെതിരെ പാനൂർ പൊലീസ് കേസെടുത്തു. പാനൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള പണിതീരാത്ത കെട്ടിടത്തിൽ വെച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞ ഡിസംബർ 29-ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രലോഭിപ്പിച്ച് പാനൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ വിവരം ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂർ പൊലീസ് അറിയിച്ചു. കുട്ടികൾ നവമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.