ഇരിക്കൂർ : കല്യാട് ചുങ്കസ്ഥാനത്തെ എ.പി. സുഭാഷിന്റെ ഭാര്യ ദർശിത (22) കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ചും ഭർതൃവീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടും ഒരാളെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സിംഗപട്ടണം സ്വദേശിയായ പൂജാരി മഞ്ജുനാഥ (39) ആണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 22-ന് കല്യാട്ടെ വീട്ടിൽ നിന്നു 30 പവന്റെ ആഭരണവും നാല് ലക്ഷം രൂപയും കൈക്കലാക്കിയ ദർശിത രണ്ടരവയസ്സുള്ള മകളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടർന്ന് സാലിഗ്രാമിലെ ലോഡ്ജിൽ സുഹൃത്ത് സിദ്ധരാജുവാണ് വായിൽ ഡിറ്റനേറ്റർ വെച്ച് പൊട്ടിച്ച് ദർശിതയെ കൊലപ്പെടുത്തിയത്. കൊലക്കേസിൽ സിദ്ധരാജു മുൻപ് അറസ്റ്റിലായിട്ടുണ്ട്.
ദർശിത കൈക്കലാക്കിയ പണത്തിൽനിന്ന് രണ്ടുലക്ഷം രൂപ സിദ്ധരാജുവിന് ലഭിക്കുകയും ശേഷിച്ച തുകയിൽ നിന്ന് മഞ്ജുനാഥക്കും രണ്ടുലക്ഷം രൂപ കിട്ടിയെന്നും പോലീസ് കണ്ടെത്തി. ‘പ്രേതബാധ ഒഴിപ്പിക്കാനും കാമുകനുമൊത്ത് കഴിയാനുമായി കർമങ്ങൾ നടത്താനാണിത് നൽകിയതെന്ന്’ ഇയാൾ പൊലീസിനോട് നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ, പിന്നീട് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വേഷം മാറി ദർശിതയെ സമീപിച്ചത് മഞ്ജുനാഥ തന്നെയാണെന്ന് വ്യക്തമായി. ഇതോടെ ഇയാൾ നുണപറഞ്ഞതും, മോഷണവസ്തുവാണെന്ന് അറിഞ്ഞിട്ടും പണം കൈപ്പറ്റിയതുമാണ് പോലീസ് സ്ഥിരീകരിച്ചത്.
സ്വർണം കൈക്കലാക്കുന്നതിലും മഞ്ജുനാഥയുടെ പങ്കുണ്ടെന്ന സംശയം പോലീസിനുണ്ട്. ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.