കൊച്ചി : യുവനേതാവ് ലൈംഗിക അധിക്ഷേപം നടത്തിയെന്ന് വെളിപ്പെടുത്തിയ നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. കെ. ജെ. ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്. റിനിയെ സിപിഎം നേതാക്കൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുൻ മന്ത്രി കെ. കെ. ശൈലജയാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്. താനും വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടുവെന്ന് ചടങ്ങിൽ റിനി പറഞ്ഞു. എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ആ നേതാവിന്റെ പേരു പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദ്ദശ്യമുണ്ടായിരുന്നില്ല. റിനി കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൻമാർ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് താൻ ഉന്നയിച്ചത്. പക്ഷേ ഭയാനകമായ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നതെന്നും റിനി ആൻ ജോർജ് പറഞ്ഞു. സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്ന് കെ. ജെ. ഷൈൻ വിമർശിച്ചു. റിനിയെപ്പോലുള്ളവർ സിപിഎമ്മിനൊപ്പം ചേരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഷൈൻ അഭിപ്രായപ്പെട്ടു.