Latest News From Kannur

വിജയ് മല്യ സ്വര്‍ണം പൂശിയത് സിപിഎമ്മിന്റെ കാലത്ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍: ജി രാമന്‍ നായര്‍

0

പത്തനംതിട്ട : ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍. താന്‍ പ്രസിഡന്റ് ആയിരുന്ന കാലത്തല്ല വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശുന്നത്. സിപിഎം പ്രതിനിധിയായിരുന്ന വി. ജി. കെ. മേനോനായിരുന്നു അന്ന് പ്രസിഡന്റ്. താന്‍ 2004 ഡിസംബര്‍ മുതല്‍ 2007 ഫെബ്രുവരി വരെ മാത്രമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നതെന്ന് ജി. രാമന്‍ നായര്‍ പറഞ്ഞു. യുഡിഎഫ് ഭരണകാലത്താണ് ജി. രാമൻ നായരെ ദേവസ്വം പ്രസിഡന്റാകുന്നത്.

വി.ജി.കെ. മേനോന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോഴാണ് വിജയ് മല്യ ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിനു പിന്നില്‍ മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരിക്കാം. മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ചരിത്രം വിശദമായി പഠിക്കുന്നത് നല്ലതായിരിക്കും. അറിവില്ലായ്മ കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്.

1998 ലാണ് ശബരിമലയില്‍ സ്വര്‍ണം പൊതിയുന്നത്. അന്ന് സിപിഎം നോമിനിയാണ് ദേവസ്വം പ്രസിഡന്റ്. താന്‍ ദേവസ്വം പ്രസിഡന്റ് പദം ഒഴിഞ്ഞതിനു ശേഷവും ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. വിജയ് മല്യ ചെയ്തതിനേക്കാള്‍ കൂടുതലായി പിന്നീട് എന്തെങ്കിലും ചെയ്തതായി തനിക്ക് തോന്നിയിട്ടില്ല. 20 കൊല്ലത്തിന് ശേഷം വളരെ ധൃതി പിടിച്ച് മാറ്റാനുണ്ടായ കാരണം പത്മകുമാര്‍ വ്യക്തമാക്കേണ്ടതാണ്. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ക്ക് ചട്ടങ്ങളും നിബന്ധനകളുമുണ്ട്. എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ഹൈക്കോടതിയുടെ അനുവാദം വാങ്ങേണ്ടതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഫയല്‍ തയ്യാറാക്കണം. എന്തുകൊണ്ടാണ് മാറ്റം വരുത്തുന്നത് എന്നതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡിനെ ബോധ്യപ്പെടുത്തണം. തന്ത്രിയുടെ അനുവാദം വാങ്ങണം. അതിനുശേഷം തിരുവാഭരണം കമ്മീഷണര്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തേണ്ട കാര്യമാണിതെന്ന് ജി. രാമന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തില്‍ കൊടിമരം ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആ ക്ഷേത്ര പരിസരത്തു വെച്ചു തന്നെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്ന് മാന്വലില്‍ പറയുന്നുണ്ട്. എന്തിനാണ് ഇത് ഇളക്കി മാറ്റി പുറത്തുകൊണ്ടുപോയത്?. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപാളികള്‍ കൊണ്ടുപോകാന്‍ സാഹചര്യം ഒരുക്കിയതാരാണ്?. ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ തീരുമാനിച്ചത്?. ഇപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. ബന്ധുക്കളുടെ അടുത്തോ, അതുപോലുള്ള വ്യക്തിപരമായ ആവശ്യത്തിന് ഏതെങ്കിലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിദേശത്ത് പോയിട്ടുണ്ടെങ്കില്‍ അതിനെ ഇതുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ജി. രാമന്‍ നായര്‍ അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.