കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. റെയിൽവേ സ്റ്റേഷനിലെ എമർജൻസി റെസ്പോൺസ് സിസ്റ്റമായ 112 നമ്പറിലേക്കാണ് ചൊവ്വാഴ്ച രാത്രി വൈകി സന്ദേശമെത്തിയത്.
തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്നും വിവരം കണ്ണൂർ സിറ്റി പോലീസ് കൺട്രോൾ റൂമിൽ എത്തിയതോടെ സിറ്റി പോലീസ് ഇൻസ്പെക്ടർ പി. സനൽ കുമാർ, റെയിൽവേ പോലീസ് എസ് ഐ ജയേഷ് കുമാർ, ആർപിഎഫ് എസ് ഐ സുനിൽ, ഡോഗ് സ്കാഡ് എസ് ഐ ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
റെയിൽവേ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമിലും റെയിൽവേയുടെ ഓഫീസുകളിലും നിർത്തിയിട്ട തീവണ്ടിയിലും പരിശോധന നടത്തി. യാത്രക്കാരെയും നിരീക്ഷണത്തിലാക്കി. എന്നാൽ സംശയകരമായ യാതൊരു വസ്തുവും കണ്ടെത്താനായില്ല.
ഭീഷണിസന്ദേശം വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി.
കണ്ണൂർ ജില്ലയിലെ തിരുമേനി സ്വദേശിയുടെ പേരിലുള്ള സിംകാഡ് ഉപയോഗിച്ചുള്ള ഫോണിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണത്തിൽ ബോധ്യമായി. പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്.