ആർപ്പുവിളിയുമായി വീറിലും വാശിയിലും വള്ളം തുഴഞ്ഞ് ഓളപ്പരപ്പുകൾ സൃഷ്ടിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ദൃശ്യ വിരുന്ന് വള്ളം കളി മത്സരം അഞ്ചരക്കണ്ടി പുഴയിൽ വീണ്ടുമെത്തുന്നു. ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ മുഴപ്പിലങ്ങാട് കടവിന് സമീപം ഒക്ടോബർ രണ്ടിന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് ടൂറിയം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ, രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാവും.
മമ്മാക്കുന്ന് പാലത്തിൽ നിന്ന് ആരംഭിച്ച് ഒരു കിലോമീറ്റർ ദൂരത്തിൽ മുഴപ്പിലങ്ങാട് കടവ് റോഡിന്റെ ഓരത്തുള്ള അഞ്ചരക്കണ്ടി പുഴയിലാണ് വള്ളംകളി മത്സരം നടത്തുക. ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്, കടമ്പൂർ, പിണറായി, ധർമടം, പെരളശ്ശേരി എന്നീ അഞ്ച് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. 30 പേർ തുഴയുന്ന ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക. കാസർകോഡ് ജില്ലയിൽ നിന്നുമാണ് വള്ളങ്ങൾ എത്തിക്കുക.
നാൽപത് വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് എത്തി ധർമ്മടം മേലൂരിനടുത്ത് അഞ്ചരക്കണ്ടി പുഴയുടെ ഓരത്ത് താമസമാക്കിയ കൃഷ്ണൻകുട്ടി എന്ന വ്യവസായിയാണ് ആദ്യമായി ധർമ്മടത്ത് ആലപ്പുഴ മോഡൽ ചുരുളൻ വള്ളം എത്തിക്കുന്നത്. മേലൂരിൽ സ്ഥിര താമസമാക്കിയ കൃഷ്ണൻകുട്ടി ചൂടി വ്യവസായം ആരംഭിച്ചു. ആലപ്പുഴയിൽ നിന്നും എത്തിയ വള്ളം നിർമാണത്തിൽ പ്രഗത്ഭരായ തൊഴിലാളികളാണ് ചുരുളൻ വള്ളങ്ങൾ നിർമ്മിച്ചത്. അങ്ങനെ അഞ്ചരക്കണ്ടി പുഴയിൽ ആദ്യമായി ചുരുളൻ വള്ളങ്ങൾ എത്തി. പിന്നീട് ഒരിക്കൽ കൃഷ്ണൻകുട്ടിയും സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആദ്യമായി ഈ തോണി ഉപയോഗിച്ച് പ്രദർശന മത്സരം സംഘടിപ്പിച്ചു. രണ്ട് വള്ളങ്ങൾ ഉപയോഗിച്ചായുിരുന്നു മത്സരം. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 20 വർഷം മുമ്പ് മേലൂരിലെ പി കൃഷ്ണപിള്ള സ്മാരക ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ് മത്സര അടിസ്ഥാനത്തിൽ വള്ളംകളി മത്സരം സംഘടിപ്പിക്കുന്നത്.
മേലൂരിലെ ഗുംട്ടി മുക്ക് ക്ലബ്, ജാക്‌സ് ക്ലബ്, ജംബോ ജെറ്റ്, പാറപ്രം കൃഷ്ണപിള്ള ക്ലബ്ബ് തുടങ്ങിയ പന്ത്രണ്ടോളം വള്ളങ്ങൾ അന്ന് മത്സരിച്ചു. കാണികളെ വിസ്മയിപ്പിക്കും വിധത്തിലുള്ള ജല ഘോഷയാത്രയും നടത്തി. തുടർച്ചയായ എട്ടുവർഷം മേലൂരിലെ കെ. സുരേന്ദ്രൻ സെക്രട്ടറിയും പണിക്കൻ മോഹനൻ പ്രസിഡന്റുമായ കൃഷ്ണപിള്ള ക്ലബ്ബ് മത്സരം സംഘടിപ്പിച്ചു. പിന്നീട് രണ്ടു വർഷം മത്സരം നടത്താൻ സാധിക്കാതെ വന്നു. അതോടെ ജാക്‌സ് മേലൂർ ക്ലബ് മലബാർ ജലോത്സവം എന്ന പേരിൽ നാല് വർഷം മത്സരം സംഘടിപ്പിച്ചു. ചക്കരക്കൽ വാർത്ത. ശേഷം ചെറുതോണി വള്ളംകളി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ചുരുളൻ വള്ളങ്ങൾ ഉപയോഗിച്ചുള്ള തുഴച്ചിൽ മത്സരം നടക്കാതെയായി. വർഷങ്ങൾക്ക് ശേഷം 2023 ലാണ് അഞ്ചരക്കണ്ടി പുഴയിൽ ചുരുളൻ വള്ളംകളി മത്സരം വീണ്ടും നടന്നത്.
സംസ്ഥാന ടൂറിസം വകുപ്പ് മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയിലൂടെ ഉത്തര മലബാറിലെ ഗ്രാമീണ ജല ടൂറിസത്തിന് പുതിയ ദിശാബോധം പകർന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചും ബോട്ട് ടെർമിനലുകളും മണ്ഡലത്തിലെ ജല വിനോദ സഞ്ചാരത്തിന് വൻ സാധ്യതയാണ് ഒരുങ്ങുന്നത്.