മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിന് സമാനമായി ഇനി എൽ പി ജിക്കും പോർട്ടബിലിറ്റി സംവിധാനം വരികയാണ്.
ഗ്യാസ് കണക്‌ഷനുമായി ബന്ധപ്പെട്ട സേവന കാര്യങ്ങളിൽ കമ്പനിയുടെ കാര്യത്തിൽ തൃപ്തിയില്ലെങ്കിൽ പുതിയ കമ്പനി തിരഞ്ഞെടുക്കാം. കണക്‌ഷൻ മാറ്റാതെ തന്നെ ഇഷ്ടമുള്ള കമ്പനി തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപഭോക്താവിന് ലഭിക്കുന്നത്.
പാചകവാതക വിതരണത്തെ നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഇതിന്റെ ചട്ടക്കൂട് നിർമിക്കുന്നതിനായി അഭിപ്രായങ്ങൾ ക്ഷണിച്ചു.
ഒക്ടോബർ മാസം പകുതിയോടെ അഭിപ്രായങ്ങൾ സമർപ്പിക്കണം. തുടർന്ന് എൽപിജി പോർട്ടബിലിറ്റിക്ക് വേണ്ടിയുള്ള മാർഗനിർദേശങ്ങളും നിയമങ്ങളും രൂപവത്കരിക്കും.
2013 ഒക്ടോബറിൽ യുപിഎ സർക്കാർ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി 24 ഓളം ജില്ലകളിലായി പരീക്ഷണാർഥം എൽ പി ജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു.
ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് വിതരണക്കാരെ മാത്രമേ മാറ്റാൻ ആകുമായിരുന്നുള്ളൂ. ഇത് 2014 ജനുവരിയിൽ 480 ജില്ലകളിൽ നടപ്പാക്കി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് ഇൻഡെൻ ഗ്യാസ് ഉപയോഗിക്കുന്നവർക്ക് അതിന്റെ വിതരണക്കാരിൽ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം.
പക്ഷേ ഭാരത് പെട്രോളിയത്തിന്റെ ഭാരത് ഗ്യാസിലേക്കോ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എച്ച്പി ഗ്യാസിലേക്കോ മാറാൻ കഴിയില്ല. ഈ വ്യവസ്ഥ മാറ്റിയാണ് പുതിയ സംവിധാനം വരുന്നത്.
2025 സാമ്പത്തിക വർഷത്തിലെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ 32 കോടിയിലധികം ഗ്യാസ് കണക്‌ഷനുണ്ട്. ഇതിൽ 17 ലക്ഷത്തിലധികം ഉപഭോക്തൃ പരാതികളാണ് സേവനവുമായി ബന്ധപ്പെട്ടുള്ളത്.
കണക്‌ഷൻ എടുത്ത കമ്പനിയുടെ വിതരണക്കാർക്ക് സേവനങ്ങൾ കൃത്യമായി നൽകാൻ സാധിക്കാതെ വരുമ്പോൾ ഉപഭോക്താക്കൾക്ക് മറ്റുമാർഗങ്ങൾ തേടാൻ നിലവിൽ പരിമിതികളുണ്ട്. ഇതിനും പുതിയ സംവിധാനം വഴി പരിഹാരമാകും.