Latest News From Kannur

ഭരണകൂട നിസ്സംഗത : മാഹിയിലെ വ്യാപാരികൾ പ്രക്ഷോഭത്തിൽ 30 ന് കടകളടച്ച് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണാ സമരം നടത്തും

0

മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സപ്തംബർ 30 കാലത്ത് 10 മണിക്ക് മാഹി സിവിൽ സ്റ്റേഷനുമുന്നിൽ കടകളടച്ച് ധർണ്ണാസമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥിരമായ കമ്മീഷണറില്ലാത്ത

മാഹി മുൻസിപാലിറ്റി നാഥനില്ലാ കളരിയായിരിക്കയാണ്. കഴിഞ്ഞ മൂന്ന് മാസക്കാലമായി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും കുപ്പകൾ നീക്കം ചെയ്‌തിട്ട്. ഒരു വർഷത്തെ ലൈസൻസ് ഫീസ് മുൻകൂറായി വാങ്ങിയും, ഭീമമായ യൂസർഫീ വ്യാപാരികളിൽ നിന്നും പിഴിഞ്ഞെടുത്തും ഖജനാവ് നിറയ്ക്കുക എന്നല്ലാതെ വാങ്ങുന്ന കാശിന് സേവനം നൽകുവാൻ കഴിയാതെ നോക്കുകുത്തികളായി നിൽക്കുകയാണ് മയ്യഴി ഭരണകൂടം. തെരുവ് നായകൾ മാഹി ടൗണിലും പ്രാന്തപ്രദേശങ്ങളിലും വിഹരിക്കുകയാണ്. മനുഷ്യർക്ക് അതിരാവിലെയും, രാത്രികാലങ്ങളിലും പുറത്തിറങ്ങാൻ ഭയമാണ്. ഒരു ഭാഗത്ത് വികസിത രാഷ്ട്രം എന്ന് പറയുമ്പോൾ മയ്യഴി എവിടെക്ക് എന്ന് ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. വ്യാപാരികൾ നൽകുന്ന തൊഴിലും GSTയും മറ്റുവരുമാനങ്ങൾക്കും അധികൃതർ പുല്ലുവില കല്‌പിക്കുകയാണ്. ഈ ഭരണകൂട നിസ്സംഗതയ്ക്കെതിരെയാണ് ധർണ്ണസമരം നടത്തുന്നത്. ഈ പ്രശ്നങ്ങൾക്ക് സർക്കാറിൻ്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങളിലുള്ള കുപ്പകൾ മുൻസിപാലിറ്റി കോമ്പൗണ്ടിൽ നിക്ഷേപിക്കുന്നതും യൂസർഫീ ബഹിഷ്ക്കരണം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന്

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഷാജി പിണക്കാട്ട്, ഷാജു കാനം, കെ.കെ.ഷെഫീർ എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.