പാനൂർ :
ചെണ്ടയാട് ഗുരുദേവ ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ 55 അംഗ സംഘം ഓണാവധിക്കാലം ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ചെലവഴിക്കും. സെപ്തംബർ 2 ന് കണ്ണൂരിൽ നിന്ന് രാജധാനി എക്സ്പ്രസിൽ യാത്ര പുറപ്പെട്ട് ഡൽഹി, അമൃതസർ, വാഗാ അതിർത്തി, ആഗ്ര സന്ദർശനം പൂർത്തിയാക്കി സെപ്തംബർ 7 ന് രാത്രി വിമാനമാർഗ്ഗം കോഴിക്കോട്ട് എത്തും
നാട്ടിൻപുറത്തുകാർക്ക് പുതിയ യാത്രാനുഭവങ്ങൾ നൽകിക്കൊണ്ടുള്ള ജനശ്രീ സംഘത്തിൻ്റെ അഞ്ചാമത് യാത്രയാണിത്.
2015ൽ ബേംഗ്ലൂർ, 2017ൽ കൊച്ചി, 2019 ൽ ചെന്നൈ, 2021 ൽ തിരുവനന്തപുരം എന്നീ യാത്രകളിൽ 3 വയസു മുതൽ 82 വയസു വരെയുള്ളവർ പങ്കാളികളായിട്ടുണ്ട്. തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ്മസേന പ്രവർത്തർ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ യാത്രാ സംഘത്തിലുണ്ട്.
2012 ൽ ആരംഭിച്ച ഗുരുദേവ ജനശ്രീ സംഘം ചെണ്ടയാട് മേഖലയിലെ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ഗുരുദേവ ചാരിറ്റബ്ൾ സൊസൈറ്റിയും ഇതിൻ്റെ ഭാഗമാണ്. നാടിൻ്റെ വികസന പ്രവർത്തനങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിലൂടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഗുരുദേവ സ്മാരകം യു. പി. സ്കൂൾ റിട്ടയേർഡ് എച്ച് എം. വി. അശോകൻ മാസ്റ്റർ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗം ഭാസ്ക്കരൻ വയലാണ്ടി ചെയർമാനുമായി പ്രവർത്തിച്ചു വരുന്ന സംഘത്തിൽ ഇപ്പോൾ 19 അംഗങ്ങളാണ് ഉള്ളത്. ടൂർ ഫണ്ട് പ്രതിമാസം ശേഖരിച്ചു കൊണ്ടാണ് യാത്രയ്ക്കുള്ള തുക സ്വരൂപിച്ചിട്ടുള്ളത്. ചെണ്ടയാട് ഗുരുദേവ സ്മാരകം യു പി സ്കൂൾ പരിസരത്ത് നിന്ന് ഡൽഹിയാത്ര ജനശ്രീ പാനൂർ ബ്ലോക്ക് സഭ ചെയർപേഴ്സൺ ഗീത കൊമ്മേരി ഫ്ലാഗ് ഓഫ് ചെയ്തു. വി. അശോകൻ മാസ്റ്റർ, ഭാസ്ക്കരൻ വയലാണ്ടി, കെ. പി. രാമചന്ദ്രൻ തുടങ്ങിയവർ യാത്ര സംബന്ധിച്ച് വിശദീകരണങ്ങളും നിർദ്ദേശങ്ങളും നൽകി