Latest News From Kannur

*കോൺഗ്രസ് എംഎൽഎക്കെതിരെ ബിജെപിയുടെ പ്രതിഷേധം 20ന്*

0

മാഹി :  പുതുച്ചേരിയിൽ എൻഡിഎ സഖ്യ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മയ്യഴിയിൽ നിരവധി വികസന–ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയതായി ഭാരതീയ ജനതാ പാർട്ടി നേതൃത്വം അറിയിച്ചു. മാഹി സർക്കാർ ആശുപത്രിയുടെ നവീകരണം, പുതിയ കാന്റീൻ കെട്ടിടം, പത്ത് ബെഡുള്ള ഐസിയു ബ്ലോക്ക്, സി-ആം മെഷീൻ, മൂന്ന് ആംബുലൻസുകൾ എന്നിവ എൻഡിഎ സർക്കാർ അനുവദിച്ചതായി ബിജെപി വ്യക്തമാക്കി.

2009ൽ കോൺഗ്രസ് സർക്കാർ പള്ളൂർ ആശുപത്രിക്കായി കരിക്കുന്നുമ്മൽ പ്രദേശത്ത് പദ്ധതിക്ക് അനുയോജ്യമല്ലാത്ത ഭൂമി ഏറ്റെടുത്ത് ശിലാസ്ഥാപനം നടത്തിയെങ്കിലും, പദ്ധതിക്കായി ഒരു രൂപ പോലും ഫണ്ട് അനുവദിക്കാതെയായിരുന്നു നടപടി. ഇതിലൂടെ മയ്യഴിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.

2021ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാഹിയിലെ ബിജെപി ഘടകം ഗവർണറെയും മുഖ്യമന്ത്രിയെയും സമീപിച്ച്, ആശുപത്രി നിലവിലുള്ള സ്ഥലത്തുതന്നെ മൃഗാശുപത്രിയുടെ ഭൂമി കൂടി ചേർത്ത് പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി മൃഗാശുപത്രിക്ക് മറ്റൊരു സ്ഥലം കണ്ടെത്തി. 2023ൽ പുതിയ ആശുപത്രി കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും, എട്ട് മാസത്തിനകം 20 കോടി രൂപയുടെ എസ്റ്റിമേറ്റോടെ പദ്ധതി അംഗീകരിച്ച് 2025ൽ നിർമാണത്തിന് അനുമതി ലഭിക്കുകയും ചെയ്തതായി ബിജെപി അറിയിച്ചു.

18 മുതൽ 20 വർഷമായി അറ്റകുറ്റപ്പണി നടത്താത്ത റോഡുകൾ നവീകരിക്കാൻ നബാർഡ്, ടൈഡ് ഫണ്ടുകൾ ഉൾപ്പെടെ ഏകദേശം 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, റോഡ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനോ ഗുണനിലവാരം ഉറപ്പാക്കാനോ എംഎൽഎ താൽപര്യം കാണിച്ചില്ലെന്നും, എൻഡിഎ സർക്കാർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം നേട്ടമായി ചിത്രീകരിക്കാൻ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് വേദികളിലൂടെയും പ്രചാരണം നടത്തുകയാണെന്നും ബിജെപി ആരോപിച്ചു.

മയ്യഴിയിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി പ്രവർത്തിക്കേണ്ട എംഎൽഎ, എൻഡിഎ സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്താതിരിക്കാൻ ശ്രമിക്കുന്നുവെന്നും, ചില റോഡ് പ്രവൃത്തികൾ കരാറുകാരുമായി ചേർന്ന് മരവിപ്പിക്കുന്നുവെന്നുമാണ് ബിജെപിയുടെ ആരോപണം. ഇതിന് ചില കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥർ പിന്തുണ നൽകുന്നതായും നേതാക്കൾ പറഞ്ഞു.

ഇത്തരം രാഷ്ട്രീയ പ്രേരിത നടപടികൾക്കെതിരെ മയ്യഴിയിലെ ജനങ്ങളെ അണിനിരത്തി ജനുവരി 20ന് രാവിലെ 10.30ന് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎയുടെ ഓഫീസിന് മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി മാഹി മണ്ഡലം വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, മഗ്‌നീഷ് മഠത്തിൽ, ദിനേശൻ അങ്കവളപ്പിൽ, ലതീപ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.