Latest News From Kannur

വിശ്വസ്തയോടെ; കണ്ണൂരില്‍ നിന്ന് പിന്‍ഗാമി; കോണ്‍ഗ്രസിന് കരുത്തേകാന്‍ സുധാകരന് പിന്നാലെ ‘സണ്ണി വക്കീല്‍’

0

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ നിന്നും കോണ്‍ഗ്രസിന് കരുത്തേകാന്‍ മറ്റൊരു നേതാവ് കൂടി. 2001 ല്‍ കെ. സുധാകരന് പകരം ഡി.സി.സി പ്രസിഡന്റായിരുന്നു സണ്ണി ജോസഫ്. 2025 മെയ് എട്ടിന് ഇതേ ചരിത്രം തന്നെയാണ് ആവര്‍ത്തിക്കുന്നത്. കെ. സുധാകരന്റെ അതീവ വിശ്വസ്തരില്‍ ഒരാള്‍ കൂടിയാണ് സണ്ണി വക്കീലെന്ന് അണികള്‍ വിളിക്കുന്ന സണ്ണി ജോസഫ്.

കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുറവയലില്‍ വടക്കേക്കുന്നേല്‍ ജോസഫ്, റോസക്കുട്ടി ദമ്പതികളുടെ മൂത്തമകനായി തൊടുപുഴയിലാണ് ഇദ്ദേഹത്തിന്റെ ജനനം. മലബാറിലേക്ക് കുടിയേറിയ കുടുംബങ്ങളിലൊന്നായിരുന്നു. ഉളിക്കല്‍, എടൂര്‍, കിളിയന്തറ സ്‌കൂളുകളില്‍ പഠിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് ഡിഗ്രി പഠനം കഴിഞ്ഞ് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് നിയമബിരുദം.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവം, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ അംഗം, കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ഥി പ്രതിനിധിയായിരുന്നു. കോഴിക്കോട് ലോ കോളേജില്‍ വിദ്യര്‍ഥിയായിരിക്കുമ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ്സ് പഞ്ചായത്ത് തല കമ്മിറ്റി പ്രസിഡന്റായും തുടര്‍ന്ന് ഇരിക്കൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചു. ഉളിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മട്ടന്നൂര്‍, തലശ്ശേരി കണ്ണൂര്‍ കോടതികളില്‍ അഭിഭാഷകനായി ജോലി ചെയ്തു. മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. നിയമസഭയിലേക്കുള്ള പ്രഥമ മത്സരത്തില്‍ 2011ല്‍ പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ശൈലജ ടീച്ചറെ പരാജയപ്പെടുത്തി എംഎല്‍എ യായി. വിദ്യാര്‍ഥി ആയിരിക്കുന്ന കാലം തൊട്ട് സാമൂഹ്യ സാംസ്‌കാരിക കായിക രംഗങ്ങളിലും കാര്‍ഷിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് സമരങ്ങളിലും സജീവമായി. ഇരിട്ടി താലൂക്ക് രൂപീകരണ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മൂന്ന് പതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ചു. എംഎല്‍എ ആയതിനെ തുടര്‍ന്ന് മലയോര താലൂക്കെന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാനും കേരളത്തിലെ താലൂക്കുകള്‍ വിഭജിച്ച് പുതുതായി 12 താലൂക്കുകള്‍ രീപീകരിക്കുന്നതിനുവേണ്ടിയുമുള്ള ഗവണ്‍മെന്റ് തീരുമാനമെടുപ്പിക്കുവാന്‍ പ്രയ്ത്‌നിച്ചു. എംഎല്‍എ എന്ന നിലയില്‍ വികസനകാര്യങ്ങളിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമതയോടെ ഇടപെടാന്‍ സാധിച്ചുവെന്നത് അഭിമാനമായി കരുതുന്നു. പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 3-ാം തവണയും വിജയിച്ച് നിലവില്‍ നിയമസഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കുടിയാണ്. ഭാര്യ എല്‍സി ജോസഫ്, രണ്ട് പെണ്‍കുട്ടികള്‍ ആഷ് റോസ്, ഡോ. അഞ്ചു റോസ്. ഇരുവരും വിവാഹിതര്‍. മരുമക്കള്‍ പ്രകാശ് മാത്യു, ഡോ. സാന്‍സ് ബൗസിലി.

 

Leave A Reply

Your email address will not be published.