Latest News From Kannur

ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നില്ലെങ്കില്‍പ്പിന്നെ അവര്‍ എവിടെയാണ് പോവുന്നത്?-മുരളി തുമ്മാരുകുടി

0

കേരളത്തിലെ കോളജുകളും ഓഫിസുകളുമെല്ലാം സന്ദര്‍ശിക്കുമ്പോള്‍ കാണുന്നത് കൂടുതലും പെണ്‍കുട്ടികള്‍, അപ്പോള്‍പ്പിന്നെ നമ്മുടെ ആണ്‍കുട്ടികള്‍ എങ്ങോട്ടു പോവുന്നുവെന്ന സംശയം മുന്നോട്ടുവയ്ക്കുകയാണ്, മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍. പ്ലസ് ടു വരെ ഏതാണ് 50-50 എന്ന അനുപാതത്തിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിലും പിന്നീട് തൊഴില്‍ രംഗത്തുമെല്ലാം നോക്കുമ്പോള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍. എന്താണിതിനു കാരണം? മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം.

അപ്രത്യക്ഷരാകുന്ന ആണ്‍കുട്ടികള്‍ ?

സുഹൃത്തും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ആയ ബിജോയിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ചു.

സ്റ്റാഫില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഈയിടെ കേരളത്തിലെ പല കോളേജുകളും ഓഫീസുകളും സന്ദര്‍ശിക്കുമ്പോള്‍ കാണുന്ന കാഴ്ചയും വേറൊന്നല്ല.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് 60 ശതമാനത്തിന് മുകളില്‍ പെണ്‍കുട്ടികള്‍ ആണെന്നാണ് വായിച്ചത്. ഇന്ത്യ മൊത്തമെടുത്താല്‍ ഇത് 50 ശതമാനത്തില്‍ താഴെയാണ്. മെഡിക്കല്‍ രംഗത്ത് കേരളത്തില്‍ 65 ശതമാനമാണ് (ഇന്ത്യയില്‍ മൊത്തം 51 ശതമാനം). കഴിഞ്ഞ വര്‍ഷം മണ്ണുത്തിയിലെ അഗ്രികള്‍ച്ചര്‍ ഗ്രാജ്വെറ്റിങ്ങ് ബാച്ചില്‍ സംസാരിക്കുമ്പോള്‍ 81 ശതമാനവും പെണ്‍കുട്ടികളാണ്.

പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് വരുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പഠിച്ചു തൊഴില്‍ നേടിയതിന് ശേഷം വേണമെങ്കില്‍ മാത്രം വിവാഹം എന്നൊരു ചിന്തയിലേക്ക് നമ്മുടെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ എത്തിയിട്ടുണ്ട്. അതും ശരിയായ ചിന്താഗതിയാണ്.

എന്നാല്‍ എന്നെ അമ്പരപ്പിക്കുന്ന കാര്യം ഇതാണ്. പ്ലസ് ടു വരെ ഏകദേശം 50/50 ആണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അപ്പോള്‍ പിന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്താതിരിക്കുന്ന ആണ്‍കുട്ടികള്‍ എവിടെയാണ് പോകുന്നത്?

ഇല്ല, എഞ്ചിനീയിറിംഗ് കോളേജുകളില്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ പഠിക്കുന്നില്ല. കേരളത്തില്‍ എഞ്ചിനീയറിങ്ങ് കോളേജുകളിലും ഏറെക്കുറെ 50/50 സാന്നിധ്യമാണ്.

ഇല്ല, വിദേശത്തേക്ക് പോകുന്നത് കൂടുതല്‍ ആണ്‍കുട്ടികള്‍ അല്ല. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഏറ്റവും കൂടുതല്‍ കുട്ടികളെ വിദേശത്തേക്ക് പോകാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തതില്‍ നിന്നും മനസ്സിലായത് അവിടെയും 50/50 ആണ് കാര്യങ്ങള്‍.

കുടുംബവും സോഷ്യല്‍ മീഡിയയും മുതല്‍ ലഹരി വരെ; എന്തുകൊണ്ട് കൗമാരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു?

അപ്പോള്‍ എന്റെ അക്കാദമിക് ചോദ്യം ഇതാണ്.

പ്ലസ് ടു കഴിയുന്ന ആണ്‍കുട്ടികളില്‍ വലിയൊരു ശതമാനം കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നില്ലെങ്കില്‍ അവര്‍ എവിടെയാണ് പോകുന്നത് ?

Leave A Reply

Your email address will not be published.