പാനൂർ :
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമ ടീച്ചറാണ് ഈ ഭരണ സമിതിയുടെ അവസാന ബജറ്റ് അവതരിപ്പിച്ചത്.
23,58,52,441 രൂപ വരവും, 22,43,00,740 രൂപ ചിലവും, 1,15,51,701 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.പി. രമ ടീച്ചർ അവതരിപ്പിച്ചത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് നാല് കോടിയും, കൃഷി ഉൾപ്പടെ ഉത്പാദന മേഖലക്ക് 65,75,320 രൂപയും, സേവന – വിദ്യാഭ്യാസ – പാർപ്പിട മേഖലക്ക് 6,04,63,800 രൂപയും, പശ്ചാത്തല മേഖലക്ക് 2,07,04,700 രൂപയുമാണ് പ്രധാന നീക്കിയിരിപ്പുകൾ. പന്ന്യന്നൂർ പഞ്ചായത്തിന്റെ ആസ്തി വികസനത്തിനും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിന് സ്ഥലമെടുക്കാൻ 35 ലക്ഷം, പൊന്ന്യം പുഴയോരത്ത് സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, ഫിറ്റ്നസ് സെന്റർ, ഹാപ്പിനസ് പാർക്ക് പണിയുന്നതിനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കൽ, അതി ദാരിദ്രമുക്ത പഞ്ചായത്ത് പ്രഖ്യാപനം, തൊഴിലും ഉപജീവനത്തിനും പ്രത്യേക പരിഗണന, കുട്ടികൾ, വയോജനങ്ങൾ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതികൾ, പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട് ഐ പദ്ധതി എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക നിർദ്ദേശങ്ങളുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മണിലാൽ അധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഹരിദാസ്, ഡോ.കെ.വി ശശിധരൻ, നിർവഹണ സമിതി അംഗങ്ങൾ, മറ്റ് വാർഡംഗങ്ങൾ എന്നിവർ സംസാരിച്ചു.