പാനൂർ : കാൻസറിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ എന്ന ജനകീയ ക്യാമ്പിയിനിന് പാനൂരിലും തുടക്കം. ലോഗോ പ്രകാശനം പാനൂർ ഗവ.ആശുപത്രി ഹാളിൽ നഗരസഭാ ചെയർമാൻ കെ.പി. ഹാഷിം നിർവഹിച്ചു.
കാൻസർ പ്രതിരോധ പരിശോധനാ പരിപാടിക്കാണ് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുന്നത്. ആദ്യ ഘട്ടത്തിൽ സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവ കണ്ടെത്താനാണ് പദ്ധതി. പ്രാരംഭഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കുന്നതിന് ജനകീയ ബോധവത്കരണവും സ്ക്രീനിങ്ങും നടക്കും.
30 പിന്നിട്ട എല്ലാ സ്ത്രീകളെയും സ്ക്രീൻ ചെയ്ത് അപകടസാധ്യത ഇല്ലെന്ന് ഉറപ്പാക്കും.
അർബുദരോഗികളുടെ എണ്ണവും അതുണ്ടാക്കുന്ന ആരോഗ്യ സാമൂഹിക പ്രത്യാഘാതങ്ങളും ഭാവിയിൽ വളരെ വലുതായിരിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് സർക്കാരിൻ്റെ പുതിയ ദൗത്യം. അപകട സാധ്യതാഘടകങ്ങളെ നിയന്ത്രിക്കുക, രോഗം എത്രയും വേഗം കണ്ടെത്തുക, കൃത്യസമയത്ത് ശാസ്ത്രീയമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മുതൽ കാൻസർ സെന്ററുകൾ വരെ ഇതിൽ പങ്കാളികളാവും, സന്നദ്ധ സംഘടനകൾ, സ്വകാര്യ ആശുപത്രികൾ, ലാബുകൾ, പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ എന്നിവരുമുണ്ടാകും. പാനൂർ ഗവ.ആശുപത്രി നടപ്പാക്കുന്ന ക്യാമ്പയിനിൻ്റെ ലോഗോ പ്രകാശനം നഗരസഭാ ചെയർമാൻ കെ.പി. ഹാഷിം നിർവഹിച്ചു. ഡോ.സജീവ് അധ്യക്ഷനായി. ജില്ലാ ലാബ് ടെക്നീഷ്യ ജയന്തി, ഹെൽത്ത് സൂപ്പർവൈസർ പി.ഹരി, അംബികാദേവി, സജിത്ത് എന്നിവർ സംസാരിച്ചു.