കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നെറ്റ് സീറോ കാര്‍ബണ്‍ പദവിയിലേക്ക്
പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു
നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറുന്നു. നെറ്റ് സീറോ കാര്‍ബണ്‍ ജയിലായി മാറ്റുന്നതിന്റെ ഭാഗമായുള്ള കാര്‍ബണ്‍ അളവ് കണക്കാക്കുന്ന പരിശീലന പദ്ധതി നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്തു. കതിരൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് ജയിലിന് നല്‍കിയ 1000 കുറ്റിമുല്ല തൈകളും 400 മണ്‍ചെടിച്ചട്ടിയും ഡോ. ടി.എന്‍ സീമ ഏറ്റുവാങ്ങി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷനായിരുന്നു. ജോയിന്റ് സൂപ്രണ്ട് ടി.ജെ പ്രവീഷ്, വെല്‍ഫെയര്‍ ഓഫീസര്‍ രാജേഷ്, സെന്‍ട്രല്‍ പ്രിസണ്‍ ഹരിത സ്പര്‍ശം കോ ഓര്‍ഡിനേറ്റര്‍ എ.കെ. ഷിനോജ്, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓർ ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓർഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, കെ.ജെ.ഇ.ഒ.എ സംസ്ഥാന സെക്രട്ടറി പി.ടി. സന്തോഷ്, മേഖലാ സെക്രട്ടറി കെ.കെ. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം
നെഹ്‌റു യുവകേന്ദ്ര കണ്ണൂരിന്റെയും കെ.എം.എം ഗവ.വനിതാ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ പി ഷൈജന്‍ നിര്‍വ്വഹിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ നമൃത മനോഹരന്‍ അധ്യക്ഷത വഹിച്ചു. മിഥുന്‍ രാജ്, ഡോ. കെ. പി നിധീഷ് എന്നിവര്‍ സംസാരിച്ചു. റോഡ് സുരക്ഷാ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ റോഡുകളില്‍ വാഹന യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരണ സന്ദേശം നല്‍കി പ്രചരണ നോട്ടീസുകള്‍ വിതരണം ചെയ്തു. ഇന്‍സ്‌പെക്ടര്‍ ഷൈജന്‍ റോഡ് സുരക്ഷാ ക്ലാസുകളെടുത്തു.
ഇന്റര്‍വ്യൂ 28 ന്
മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ്ടെക്നീഷ്യനെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 28 ന് രാവിലെ 11 ന് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് എത്തണം.
പ്രകൃതി പഠന ക്യാമ്പ്
കണ്ണൂര്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ ആറളം വന്യ ജീവി സങ്കേതത്തില്‍ പരിസ്ഥിതി വിഷയത്തില്‍ തല്‍പരരായ ജില്ലയിലെ എഴുത്തുകാര്‍ക്കായി പ്രകൃതി പഠന ക്യാമ്പ് നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04972705105.
താല്‍ക്കാലിക നിയമനം
കണ്ണൂര്‍ റൂറല്‍ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ നിലവിലുള്ള ബാര്‍ബര്‍ (രണ്ട്), സ്വീപ്പര്‍ (രണ്ട്), കുക്ക് (രണ്ട്) ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവരെ തെരഞ്ഞടുക്കുന്നുള്ള കൂടിക്കാഴ്ച ജനുവരി 25 ന് രാവിലെ 11 ന് മാങ്ങാട്ടുപറമ്പ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടക്കും.
പത്താമുദയം പദ്ധതി; വിജയോത്സവം 24 ന്
സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പത്താമുദയം പദ്ധതിയില്‍ മികച്ച വിജയം നേടിയവരെയും തദ്ദേശ സ്വയംഭണ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിക്കുന്നു. ജനുവരി 24 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി അധ്യക്ഷത വഹിക്കും. സ്വന്തമായി പഠനകേന്ദ്രം ആരംഭിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ഫുള്‍ എ പ്ലസ് നേടിയവര്‍, ഒരോ പഠന കേന്ദ്രത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ പഠിതാക്കള്‍, നൂറ് ശതമാനം വിജയം നേടിയ പഠനകേന്ദ്രങ്ങള്‍, വ്യത്യസ്ഥരായ പഠിതാക്കള്‍, പ്രായം കൂടിയ പഠിതാക്കള്‍, പരിക്ഷ വിജയിച്ച 11 ജനപ്രതിനിധികള്‍, പരീക്ഷ വിജയിച്ച ഏഴ് ദമ്പതികള്‍, രണ്ട് സഹോദരങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ പഠിതാവ് തുടങ്ങിയവരെ ആദരിക്കും.
ജില്ലയിലെ പത്താമുദയം സമ്പൂര്‍ണ്ണ പത്താംതരം തുല്യതാ പദ്ധതിയുടെ ആദ്യ ബാച്ചില്‍ പരീക്ഷ എഴുതിയ 1571 പേരില്‍ 1424 പേരും പാസ്സായി. 90.64 ആണ് വിജയ ശതമാനം. വിജയിച്ചവരില്‍ 207 പുരുഷന്‍മാരും 1218 സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 42 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 36 പേരും വിജയിച്ചു. മാടായി പഠന കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയ എ. വി താഹിറയ്ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഉളിക്കല്‍ പഠന കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയ 81 വയസ്സുള്ള എം.ജെ സേവ്യറാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. മാടായി പഠന കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയ ട്രാന്‍സ്ജെന്‍ഡര്‍ പഠിതാവ് സി അപര്‍ണ വിജയിച്ചു. മട്ടന്നൂര്‍ യു പി സ്‌കൂള്‍ (50), വിളക്കോട് യു പി സ്‌കൂള്‍ (28), ചട്ടുകപ്പാറ ജി എച്ച് എസ് എസ് (45), സീതി സാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ് (34), കോട്ടയം ജി എച്ച് എസ് എസ് (33), മാങ്ങാട്ടിടം യു പി എസ് (23) സെന്റ് തോമസ് എച്ച് എസ് എസ് കേളകം (43) എന്നീ പഠന കേന്ദ്രങ്ങളിലാണ് 100 ശതമാനം വിജയം.
ദുരന്ത നിവാരണം; ചൊവ്വാഴ്ച്ച സൈറണ്‍ മുഴങ്ങും
കേരള വാണിങ് ക്രൈസിസ് ആന്റ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ ജനുവരി 21 ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചിന് മുഴങ്ങും. സൈക്ലോണ്‍ ഷെല്‍ട്ടര്‍, പൊന്ന്യം സ്രാമ്പി, പൊന്ന്യം വെസ്റ്റ്, ഗവ.എച്ച് എസ്സ് എസ്സ് തിരുവങ്ങാട്, ഗവ.സിറ്റി എച്ച് എസ്സ് എസ്സ് തയ്യില്‍, പ്രീമെട്രിക് ബോയ്സ് ഹോസ്റ്റല്‍, നടുവില്‍, ഗവ.എച്ച് എസ്സ് എസ്സ് ആറളം ഫാം, ഗവ.എച്ച് എസ്സ് എസ്സ് പെരിങ്ങോം എന്നീ സ്ഥലങ്ങളിലാണ് ജില്ലയില്‍ സൈറണ്‍ സ്ഥാപിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം അന്നേദിവസം കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തു മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
ദേവസ്വം പട്ടയ കേസുകള്‍ തീയതി മാറ്റി
ജനുവരി 21, 22 തീയ്യതികളില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ലാന്റ് ട്രൈബ്യൂണല്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ഹിയറിങ്ങിന് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ഫെബ്രുവരി 27, മാര്‍ച്ച് 13 തീയതിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം
കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗം ഫെബ്രുവരി ആറിന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
മോണ്ടിസ്സോറി അധ്യാപക പരിശീലനം
കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, അദ്ധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍ : 9072592412, 9072592416
ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാ ടി ബി സെന്ററിലേക്ക് ഔദ്യോഗികാവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം 2020 ജനുവരി ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്ത ആറോ ഏഴോ സീറ്റുകളുള്ള വാഹനം ഫെബ്രുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് നല്‍കുന്നതിന് വേണ്ടി ടെണ്ടര്‍ ക്ഷണിച്ചു. ഫോണ്‍- 0497 2763497, 2733491
റിപ്പബ്ലിക് ദിനം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തും
കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തും. രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍സിസി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എസ് പി സി, ജൂനിയര്‍ റെഡ് ക്രോസ് എന്നിവരുടെ 24 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. ബാന്‍ഡ് മേളം, വിവിധ വകുപ്പുകളുടെ പ്ലോട്ടുകള്‍, വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍, അധ്യാപകരുടെ ദേശഭക്തിഗാനാലാപനം എന്നിവയും അരങ്ങേറും. ആഘോഷ പരിപാടികളില്‍ ഗ്രീന്‍ പോട്ടോക്കോള്‍ പാലിക്കും. രാവിലെ എട്ടുമുതല്‍ പൊതുജനങ്ങള്‍ക്ക് മൈതാനിയില്‍ പ്രവേശിക്കാം. …
കല്ല്യാട് നീലിക്കുളത്ത് അനധികൃത ചെങ്കല്ല് ഖനനം നിർത്തി വെക്കാൻ കലക്ടറുടെ നിർദേശം
ഇരിട്ടി താലൂക്കിലെ കല്ല്യാട് വില്ലേജിലെ നീലിക്കുളം പ്രദേശം ഉൾപ്പെടുന്ന 46/1, 46/4 സർവ്വേ നമ്പറിൽപെട്ട സ്ഥലത്തെ അനധികൃത ചെങ്കല്ല് ഖനനം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാൻ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. പ്രദേശത്തെ അനധികൃത ചെങ്കല്ല് ഖനനവുമായി ബന്ധപ്പെട്ട് കല്ല്യാട് സ്വദേശി ഫയൽ ചെയ്ത കേസിൽ, ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെയാണ് നടപടി. കേസിൽ അഡ്വക്കറ്റ് കമ്മീഷണറുടെ റിപ്പോർട്ടിൻമേൽ ഹൈക്കോടതി ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ചെങ്കല്ല് ഖനനം നടക്കുന്ന പ്രദേശങ്ങളിൽ നിരന്തര പരിശോധനക്കും അനധികൃത ഖനനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും തലശ്ശേരി സബ് കലക്ടറുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിക്കും. ജിയോളജിസറ്റ്, റവന്യു, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാവും സ്‌ക്വാഡ്. ജിയോളജിസ്റ്റ്, പോലീസ്, റവന്യൂ ഉൾപ്പെടെയുള്ള സർവേ ടീം പ്രസ്തുത സ്ഥലത്ത് ഉടൻ സംയുക്ത പരിശോധന നടത്താൻ കലക്ടർ നിർദേശിച്ചു.
അഡ്വക്കറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ കല്ല്യാട് വില്ലേജ് പരിധിയിൽ നടന്ന സ്ഥലപരിശോധനയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കലക്ടർ നിർദേശിച്ചു. കല്ല്യാട് വില്ലേജിലെ അനധികൃത ഖനനം നടത്തുന്ന ആകെ സ്ഥലത്തിന്റെ വിസ്തൃതി, അനധികൃത ഖനനത്തിൻമേൽ ഇതുവരെ സ്വീകരിച്ച നടപടി എന്നിവ സംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ ജിയോളജിസ്റ്റിനോട് കലക്ടർ നിർദേശിച്ചു.
അനധികൃത ചെങ്കല്ല് ഖനനവുമായി ബന്ധപ്പെട്ട് കല്ല്യാട് സ്വദേശി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് അഡ്വക്കറ്റ് കമ്മീഷണർ സ്ഥല പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃതമായി ചെങ്കല്ല് ക്വാറികൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.
നിലവിൽ കല്ല്യാട് വില്ലേജിൽ ചെങ്കല്ല് ഖനനത്തിന് എട്ട് സ്ഥലത്ത് മാത്രമേ അനുമതിയുള്ളൂ. കേസിനാസ്പദമായ സ്ഥലത്ത് ഖനന അനുമതി നൽകിയിട്ടില്ല. അനധികൃത ചെങ്കല്ല് ഖനനത്തിന് കല്ല്യാട് വില്ലേജിൽ 2022 മുതൽ 40 ഓളം ഡിമാൻറ് നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഇതുപ്രകാരം 2,42,54,690 രൂപ സർക്കാറിലേക്ക് ലഭിക്കാനുണ്ട്. ബാക്കി 30 എണ്ണത്തിൽ നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
കഴിഞ്ഞ ഡിസംബർ 30ന് അഡ്വക്കറ്റ് കമ്മീഷണറോടൊപ്പം സ്ഥലപരിശോധന നടത്തിയ സമയത്ത് രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് 37,180 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ജനുവരി ഒമ്പതിന് ആറ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് 1,32,760 രൂപയും ജനുവരി 17ന് 2,33,010 രൂപയും ജനുവരി 18ന് 1,65,806 രൂപയുമായി ആകെ 5,31,576 രൂപ പിഴ ഈടാക്കി.
കല്ല്യാട് വില്ലേജ് പരിധിയിലെ അനധികൃത ചെങ്കല്ല് ഖനനവുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിൽ തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ.വി ശ്രുതി, ഇരിട്ടി എസ് ഐ ഷിബു പോൾ, പേരാവൂർ ഡിവൈഎസ്പി കെ.വി പ്രമോദൻ, ജിയോളജിസ്റ്റ് കെ.കെ വിജയ, ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ, ഇരിട്ടി താലൂക്ക് ജൂനിയർ സൂപ്രണ്ട് ഷൈജ, പടിയൂർ വില്ലേജ് ഓഫീസർ വി.എം പുരുഷോത്തമൻ, കല്ല്യാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ. സി നൗഫൽ എന്നിവർ പങ്കെടുത്തു.
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. ജനുവരി 28ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസി പ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.
ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആദരവും
വനിതാ കർഷക കൂട്ടായ്മയ്മയും
വനിതാ കർഷക കൂട്ടായ്മയും ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള ആദരവും തിങ്കളാഴ്ച കണ്ണൂർ പുഷ്‌പോത്സവത്തെ സമ്പന്നമാക്കി. അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യവും സവിശേഷതയും വ്യക്തമാക്കി കൃഷി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ വീണാറാണി ക്ലാസെടുത്തു. ഗൗരവത്തോടെ പച്ചക്കറി അടുക്കള തോട്ടത്തെ കണ്ടാൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുമെന്നും വീടുകളിൽ ആവശ്യമായ പച്ചക്കറി വിളയിച്ചെടുക്കാൻ കഴിഞ്ഞാൽ സംതൃപ്തമായ ജീവിതം നയിക്കാമെന്നും വീണ റാണി പറഞ്ഞു.
സെമിനാർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ഹോർട്ടി കൾച്ചർ ഡപ്യൂട്ടി സയരക്ടർ സിവി ജിതേഷ് അധ്യക്ഷനായി.പി. മനോഹരൻ സ്വാഗതവും ലക്ഷ്മി പട്ടേരി നന്ദിയും പറഞ്ഞു.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഹരിത കർമ്മ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജിഷ അധ്യക്ഷയായി. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പക്ടർ പി ആർ സ്മിത അധ്യക്ഷയായി. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ എം സുനിൽ കുമാർ, സഹ കോ ഓർഡിനേറ്റർ സുനിൽദത്ത് എന്നിവർ സംസാരിച്ചു. എൻ സുരേന്ദ്രൻ സ്വാഗതവും അനിതാ ശേഖർ നന്ദിയും പറഞ്ഞു.
പുഷ്‌പോത്സവ നഗരിയിൽ ഇന്ന് (21/01)
കണ്ണൂർ പുഷ്‌പോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 10 ന് ‘പച്ചക്കറി കൃഷിയും റസിഡൻസ് അസോസിയേഷനും’ സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. പാചക മത്സരം-രണ്ട് മണി, എടക്കാട് ഉദയ മംഗലം ഡാൻസ് ഗ്രൂപ്പിന്റെ കൈ കൊട്ടിക്കളി-6.30ന്, ‘വിംഗ്‌സ് ഓഫ് വിൻഡ് പുല്ലാങ്കുഴൽ – സാക്‌സഫോൺ സംഗീതിക-ഏഴ് മണി മുതൽ.