Latest News From Kannur

കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ടം സമയബന്ധിതമായി നടപ്പാക്കണം- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

0

കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ടം സമയബന്ധിതമായി നടപ്പാക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കാനാമ്പുഴ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം സംബന്ധിച്ച് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച പ്രാദേശിക സന്നദ്ധ സമിതികളെ ജാഗ്രതാ സമിതികളായി നിലനിര്‍ത്താന്‍ യോഗം തീരുമാനിച്ചു. കാനാമ്പുഴയുടെ ഇരു കരകളിലുമുള്ള പ്രാദേശിക അംഗങ്ങളെ ജാഗ്രതാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പുനരുജ്ജീവനം പൂര്‍ത്തീകരിച്ച ഭാഗങ്ങളുടെ സംരക്ഷണം, രണ്ടാഴ്ചയില്‍ ഒരിക്കലുള്ള ശുചീകരണം, ജനകീയ ഇടപെടല്‍ എന്നിവക്ക് ജാഗ്രതാ സമിതി നേതൃത്വം കൊടുക്കണം. അഴുക്ക് ജലം പുഴയിലേക്ക് ഒഴുക്കിവിടുന്നത് പരിശോധിക്കും. കാര്‍ഷിക കൂട്ടായ്മകള്‍ രൂപീകരിക്കും. പ്രഭാത നടത്തക്കാരുടെ കൂട്ടായ്മ ഉണ്ടാക്കും. പദ്ധതി പ്രദേശം സൗന്ദര്യവത്കരിക്കുന്നതിന് ചെടികള്‍ നടാനും ബോട്ടില്‍ ബൂത്ത്, കോഫി ബൂത്ത്, സിസിടിവി എന്നിവ സ്ഥാപിക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

കാനാമ്പുഴ പുനരുജ്ജീവന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഏലിയാമ്മ തോമസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.പി. അഞ്ജന എന്നിവര്‍ക്ക് കാനാമ്പുഴ സംരക്ഷണ സമിതിയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു ജോര്‍ജ്, ഹരിത കേരള മിഷന്‍ ആര്‍. പി. ജയപ്രകാശ്, കാനാമ്പുഴ അതിജീവന സമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ കെ. നിര്‍മ്മല, എസ്. ഷഹീദ, ടെക്നിക്കല്‍ അസിസ്റ്റന്റ് വി.കെ അഭിജാത്, കാനാമ്പുഴ അതിജീവന സമിതി അംഗങ്ങളായ എം.പി രതീശന്‍, എന്‍. ബാലകൃഷ്ണന്‍, കെ.പി രജനി, കെ.വി അനിത, കെ.എന്‍ മിനി, എം.എന്‍ ജനാര്‍ദനന്‍, കെ. ബഷീര്‍, എം. കെ. രത്നാകരന്‍, കെ. നാരായണന്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.