Latest News From Kannur

പുതിയതെരുവിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പ്രാഥമിക പരിശോധന നടത്തി

0

ദേശീയപാതയിൽ പുതിയതെരു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതുമായി ബന്ധപ്പെട്ട് കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ആർടിഒയുടെയും പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയായ പുതിയതെരുവിലെ പ്രശ്‌നം പഠിക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം ആർ.ടി.ഒയെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എം.എൽ.എ യുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ ആർ.ടി.ഒ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കിയതിനു ശേഷം താൽക്കാലിക ഗതാഗത പരിഷ്‌കരണ നടപടികൾ ആലോചിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്ന വളപട്ടണം പാലത്തിൽ ഗതാഗത പരിഷ്‌കരണത്തിനു ശേഷം കുരുക്ക് അനുഭവപ്പെടാതെ വേഗതയിൽ വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്നുണ്ടെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. സതീശൻ, കണ്ണൂർ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ, വളപട്ടണം എസ്.എച്ച്.ഒ ടി.പി സുമേഷ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.